മെൽബൺ: ഓസ്ട്രേലിയയിൽ 2026 ഓഗസ്റ്റ് 11 ന് നടക്കുന്ന ദേശീയ സെൻസസിൽ സീറോ മലബാർ വിശ്വാസികൾ തങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് സഭാധികാരികൾ അഭ്യർത്ഥിച്ചു. ഓസ്ട്രേലിയയിലെ സീറോ മലബാർ വിശ്വാസികളുടെ കൃത്യമായ എണ്ണം ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുത്തുന്നതിനാണ് ഈ നിർദേശം നൽകിയിരിക്കുന്നത്.
സെൻസസ് ഫോമിലെ മതവിഭാഗം സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുമ്പോൾ 'കത്തോലിക്' (Catholic) എന്ന പൊതുവായ ഓപ്ഷൻ തിരഞ്ഞെടുക്കരുതെന്നും, അങ്ങനെ രേഖപ്പെടുത്തിയാൽ അത് ജനറൽ കാറ്റഗറിയിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും സഭാധികാരികൾ ഓർമ്മിപ്പിക്കുന്നു. പകരം സെൻസസ് ഫോമിൽ 'Other' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് തുടർന്ന് വരുന്ന സ്ഥലത്ത് കൃത്യമായി 'SYRO-MALABAR CATHOLIC' എന്ന് എഴുതണമെന്ന് വ്യക്തമാക്കി.
ഓസ്ട്രേലിയയിലെ സീറോ മലബാർ സമുദായാംഗങ്ങളുടെ കൃത്യമായ കണക്കുകൾ ലഭ്യമാകുന്നതിലൂടെ ഭാവിയിലെ സാമൂഹിക സേവനങ്ങൾക്കും പാസ്‌റൽ പ്ലാനിംഗിനും ഇത് ഏറെ സഹായകരമാകും. ഓഗസ്റ്റ് 11 നാണ് സെൻസസ് തീയതിയെങ്കിലും വെബ്‌സൈറ്റിലെ തിരക്ക് ഒഴിവാക്കുന്നതിനായി ലഭ്യമായ സമയത്തിനനുസരിച്ച് എല്ലാവരും ഈ ദിവസങ്ങളിൽ തന്നെ സെൻസസിൽ പങ്കെടുക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ഓസ്‌ട്രേലിയയിൽ അഞ്ച് വർഷത്തിലൊരിക്കലാണ് ഔദ്യോഗിക സെൻസസ് നടക്കാറുള്ളത്. അവസാന സെൻസസ് 2021-ലാണ് നടന്നതെങ്കിൽ, അടുത്ത സെൻസസ് 2026 ഓഗസ്റ്റ് 11-ന് നടക്കും. ഓസ്‌ട്രേലിയയിലെ സെൻസസിൽ പങ്കെടുക്കുന്നത് നിയമപരമായി നിർബന്ധമുള്ള കാര്യമാണ്; ഇതിൽ പങ്കെടുക്കാത്ത പക്ഷം കനത്ത പിഴ ഈടാക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക ഫ്ലയറും (www.abs.gov.au/census) സന്ദർശിക്കാവുന്നതാണ്.