പെന്‍സില്‍വാനിയ: നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫൊക്കാനയുടെ അന്താരാഷ്ട്ര കണ്‍വെന്‍ഷന് കല്‍ഹാരിയില്‍ ആവേശകരമായ തുടക്കം. സജിമോന്‍ ആന്റണി നടത്തിയ ഉദ്ഘാടന പ്രസംഗം സംഘടനയുടെ ഭാവി ലക്ഷ്യങ്ങളെയും സേവന പ്രതിബദ്ധതയേയും ആഴത്തില്‍ അടയാളപ്പെടുത്തുന്നതായിരുന്നു. കേവലമൊരു പ്രവാസി കൂട്ടായ്മ എന്നതിനപ്പുറം ലോകമെമ്പാടുമുള്ള മലയാളികളുടെ സാമൂഹിക ഉന്നമനത്തിന് നട്ടെല്ലായി സംഘടന മാറിയെന്ന സന്ദേശമാണ് അദേഹത്തിന്റെ വാക്കുകളില്‍ പ്രതിഫലിച്ചത്.
1983 ല്‍ മാതൃഭാഷയുടെയും സംസ്‌കാരത്തിന്റെയും സന്ദേശം ഉയര്‍ത്തി ലളിതമായി ആരംഭിച്ച ഫൊക്കാന, ഇന്ന് നൂറിലധികം അംഗ സംഘടനകളുടെ കൂട്ടായ്മയായി വളര്‍ന്ന് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് തണലായി മാറിയിരിക്കുന്നു. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളി ഹൃദയങ്ങളിലേക്ക് സേവനത്തിന്റെ അമൃതവര്‍ഷം എത്തിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കാണ് പ്രസ്ഥാനം ഇപ്പോള്‍ ചുവടുവെക്കുന്നത്.
.jpg)
ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സ്പര്‍ശിക്കുന്ന നിരവധി ജീവകാരുണ്യ പദ്ധതികള്‍ക്ക് ഫൊക്കാന ഇതിനോടകം നേതൃത്വം നല്‍കിയിട്ടുണ്ട്. അതില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഫൊക്കാന മെഡിക്കല്‍ പ്രിവിലേജ് കാര്‍ഡ്. കേരളത്തിലെ പ്രമുഖ ആരോഗ്യ കേന്ദ്രങ്ങളായ രാജഗിരി, കാരിത്താസ്, ബിലീവേഴ്സ്, കിംസ്, ബേബി മെമ്മോറിയല്‍ എന്നിവയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി പ്രവാസികള്‍ക്ക് മാത്രമല്ല, നാടിന്റെ നന്മയ്ക്കും വലിയൊരു കൈത്താങ്ങാണ്.
ഇതിനുപുറമെ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ഫൊക്കാന ഹെല്‍ത്ത് ക്ലിനിക്കുകള്‍ ന്യൂയോര്‍ക്ക്, ഷിക്കാഗോ, ഫ്‌ലോറിഡ എന്നി മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള കര്‍മ്മ പദ്ധതികളും പുരോഗമിക്കുകയാണ്. കേവലം ആഘോഷങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ അംഗങ്ങള്‍ക്ക് നേരിട്ട് സാമ്പത്തിക നേട്ടങ്ങളും ആനുകൂല്യങ്ങളും എത്തിക്കാന്‍ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. ജന്മനാടിനെയും പ്രവാസലോകത്തെയും ഒരുപോലെ ബന്ധിപ്പിക്കുന്ന സമതുലിതമായ വികസന കാഴ്ചപ്പാടാണ് സംഘടന മുന്നോട്ടുവെക്കുന്നത്.
.jpg)
പ്രവാസികളുടെ വലിയൊരു ആശങ്കയായിരുന്ന നാട്ടില്‍ അടഞ്ഞുകിടക്കുന്ന വീടുകളുടെ നികുതി വിഷയത്തില്‍ സര്‍ക്കാരിന് മുന്നില്‍ പ്രവാസികളുടെ ശബ്ദമായി മാറി അനുകൂല ഇടപെടല്‍ നടത്താനും ഫൊക്കാനയ്ക്കായി. അധികാരമോ ധനബലമോ നോക്കാതെ സമൂഹത്തിനായി സ്വന്തം ജീവിതം സമര്‍പ്പിക്കുന്ന നിസ്വാര്‍ത്ഥ സേവകരാണ് മാറ്റത്തിന്റെ യഥാര്‍ത്ഥ ശില്‍പികളെന്ന് സജിമോന്‍ ആന്റണി ഓര്‍മ്മിപ്പിച്ചു.
.jpg)
ഫൊക്കാന ഇന്ന് അഭിമാനത്തിന്റെ കൊടുമുടിയിലാണെന്നും അമേരിക്കയിലും കേരളത്തിലും ആയിരങ്ങളുടെ ഹൃദയം തൊട്ട ഈ പ്രസ്ഥാനം നാളെ ലോകമലയാളികളുടെ മുഴുവന്‍ പ്രതീക്ഷാ കേന്ദ്രമായി മാറുമെന്ന ഉറച്ച ആത്മവിശ്വാസം പങ്കുവെച്ചാണ് അദേഹം തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. സദസ് വലിയ കരഘോഷത്തോടെയാണ് ഈ സന്ദേശത്തെ സ്വീകരിച്ചത്.