ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം 'ആകാശച്ചുഴിയില്‍' അകപ്പെട്ട സംഭവത്തില്‍ പൈലറ്റിന്റെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവ്. പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി.
എന്നാല്‍ പരിശോധന ഫലം എയര്‍ ഇന്ത്യ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. പരിശോധനകള്‍ നടത്തിയെങ്കിലും തങ്ങളുമായി ഫലം പങ്കുവച്ചിട്ടില്ലെന്നാണ് വിമാനക്കമ്പനിയുടെ വിശദീകരണം.
എയര്‍ ഇന്ത്യയുടെ ഫൂക്കറ്റ്-ഡല്‍ഹി വിമാനം ചൊവ്വാഴ്ച ആകാശച്ചുഴിയില്‍ അകപ്പെട്ട് അപകടം ഉണ്ടായെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. 145 പേരുമായി പറന്ന എയര്‍ബസ് എ 320 വിമാനം ഒഡീഷയ്ക്ക് സമീപം ആകാശച്ചുഴിയില്‍ അകപ്പെട്ടതായും തുടര്‍ന്ന് 300 അടി താഴ്ചയിലേക്ക് താഴുകയായിരുന്നു എന്നുമായിരുന്നു റിപ്പോര്‍ട്ട്.
വിമാനം പെട്ടന്ന് താഴ്ചയിലേക്ക് എത്തിയതോടെയുണ്ടായ അപകടത്തില്‍ 13 യാത്രക്കാരെയും നാല് ക്രൂ അംഗങ്ങളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ നടത്തിയ നിര്‍ണായക അന്വേഷണത്തിലാണ് പൈലറ്റ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്.
സിവില്‍ ഏവിയേഷന്‍ ചട്ടപ്രകാരം ക്രൂ അംഗങ്ങളെ ലഹരി പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. അങ്ങനെയാണ് പൈലറ്റിനെ വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കിയത്. അന്വേഷണ വിധേയമായി പൈലറ്റിനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നും കമ്പനി അറിയിച്ചു.
വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ടോ, സാഹചര്യം കൈകാര്യം ചെയ്ത രീതി ശരിയായിരുന്നോ, കാലാവസ്ഥ മൂലമോ മറ്റേതെങ്കിലും കാരണത്താലോ സംഭവിച്ചതാണോ, ആഘാതം കാരണം വിമാനത്തിന് ഹൈഡ്രോളിക് തകരാര്‍ സംഭവിച്ചോ, സംഭവത്തിന് ശേഷം വിമാനം ഡല്‍ഹിയിലേക്ക് പറക്കണമായിരുന്നോ, വാരണാസി അല്ലെങ്കില്‍ ലഖ്നൗ പോലുള്ള അടുത്തുള്ള ഏതെങ്കിലും വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിടേണ്ടതായിരുന്നോ എന്നതടക്കമുള്ള എല്ലാവിധ കാര്യങ്ങളും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.