'അയോധ്യ സംഭാവനക്കൊള്ളയില്‍ നിഷ്പക്ഷ അന്വേഷണം വേണം': പ്രധാനമന്ത്രിയുടെ വസതിയിലേക്ക് 500 സന്ന്യാസിമാരുടെ മാര്‍ച്ച്

'അയോധ്യ സംഭാവനക്കൊള്ളയില്‍ നിഷ്പക്ഷ അന്വേഷണം വേണം': പ്രധാനമന്ത്രിയുടെ  വസതിയിലേക്ക് 500 സന്ന്യാസിമാരുടെ മാര്‍ച്ച്

ന്യൂഡല്‍ഹി: അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയിലേക്ക് ഇന്ന് സന്യാസിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നു. പ്രകാശാനന്ദ് ഗിരി മഹാരാജ്, കമ്പ്യൂട്ടര്‍ ബാബ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം സന്ന്യാസിമാരും മതനേതാക്കളുമാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.

മന്ദി ഹൗസിലെ നേപ്പാള്‍ എംബസിക്ക് സമീപത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്കാണ് നീങ്ങുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറിയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടും.

ഇതിനിടെ, വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിനുള്ളില്‍ സംഘടിതമായ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് എംപി കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.

നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വെറും പ്രഹസനമാണെന്നും യഥാര്‍ഥ കുറ്റവാളികളെ സംരക്ഷിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തിക ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്നാണ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.