ധാക്ക: ആഭ്യന്തര പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം തേടിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ക് ഹസീനയെ കൈമാറണമെന്ന ആവശ്യം ആവര്‍ത്തിച്ച് ബംഗ്ലാദേശ്. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേശ് ത്രിവേദിയുമായി തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി താരിഖ് റഹ്‌മാന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ താരിഖ് റഹ്‌മാന്റെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചിരുന്നു. ഹസീനയുടെ പ്രസ്താവനയില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ ശക്തമായ അമര്‍ഷവും പ്രതിഷേധവും അറിയിച്ചിരുന്നു.
എന്നാല്‍ ഹസീനയുടെ പ്രതികരണത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നും ബംഗ്ലാദേശ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഭിപ്രായങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടു പോകുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി താരീഖ് റഹ്‌മാന്‍ പറഞ്ഞു.
ജനകേന്ദ്രീകൃതമായ സമീപനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ദൃഢമാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ദിനേശ് ത്രിവേദിയും വ്യക്തമാക്കി. അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി താരീഖ് റഹ്‌മാന് ഇന്ത്യയുടെ ക്ഷണമുണ്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ നല്‍കിയ ഉറപ്പുകളില്‍ ആശ്വാസമുണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.