മാതാവിന്റെ സ്വർ​ഗാരോപണ തിരുനാളിൽ പങ്കെടുക്കാൻ കാസ്റ്റൽ ഗന്തോൾഫോയിലെത്തി ലിയോ പാപ്പ; തിരുനാൾ ദിവ്യബലിക്ക് കാർമ്മികനാകും

മാതാവിന്റെ സ്വർ​ഗാരോപണ തിരുനാളിൽ പങ്കെടുക്കാൻ കാസ്റ്റൽ ഗന്തോൾഫോയിലെത്തി ലിയോ പാപ്പ; തിരുനാൾ ദിവ്യബലിക്ക് കാർമ്മികനാകും

റോം: ദൈവമാതാവിന്റെ സ്വർ​ഗാരോപണ തിരുനാളിൽ വിശ്വാസസമൂഹത്തോടൊപ്പം പങ്കുചേരുന്നതിനായി ലിയോ മാർപാപ്പ കാസ്റ്റൽ ഗന്തോൾഫോയിലെത്തി. ഓഗസ്റ്റ് 15 ശനിയാഴ്ചയായ നാളെ, സെന്റ് തോമസ് ഇടവക ദേവാലയത്തിൽ നടക്കുന്ന തിരുനാൾ വിശുദ്ധ ബലിക്ക് പാപ്പ കാർമ്മികത്വം വഹിക്കും.

ജൂലൈ മാസത്തിൽ വേനൽക്കാല വിശ്രമത്തിന്റെ ഭാഗമായി റോമിന് പുറത്തുള്ള അപ്പസ്തോലിക കൊട്ടാരത്തിലായിരുന്നു ലിയോ പാപ്പ സമയം ചിലവഴിച്ചിരുന്നത്. തുടർന്ന് വത്തിക്കാനിൽ മടങ്ങിയെത്തി പൊതുകൂടിക്കാഴ്ചകൾക്ക് നേതൃത്വം നൽകിയ പാപ്പ ഓഗസ്റ്റ് 12 ബുധനാഴ്ച വൈകിട്ടാണ് കാസ്റ്റൽ ഗന്തോൾഫോയിലേക്ക് വീണ്ടും എത്തിച്ചേർന്നത്.

പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർ​ഗാരോപണത്തിരുനാൾ ദിനമായ നാളെ രാവിലെ കാസ്റ്റൽ ഗന്തോൾഫോയിലെ വില്ലനോവയിലുള്ള വിശുദ്ധ തോമസിന്റെ പേരിലുള്ള പൊന്തിഫിക്കൽ ഇടവക ദേവാലയത്തിലെത്തുന്ന പാപ്പ രാവിലെ 10 മണിക്ക് വിശ്വാസി സമൂഹത്തിനൊപ്പം തിരുനാൾ ദിവ്യബലിയർപ്പിക്കും. കഴിഞ്ഞ വർഷത്തെ വേനലവധിക്കാലത്തും ലിയോ പാപ്പ ഈ ദേവാലയം സന്ദർശിച്ചിരുന്നു.

തിരുനാൾ ദിനമായ നാളെയും മറ്റന്നാളും ഉച്ചയ്ക്ക് 12 മണിക്ക് ലിയോ പാപ്പ കാസ്റ്റൽ ഗന്തോൾഫോയിൽ വിശ്വാസികൾക്കൊപ്പം ത്രികാലജപപ്രാർത്ഥന നയിക്കും. ഓഗസ്റ്റ് 18 വരെ പാപ്പ ഇവിടെ തുടർന്ന് ആത്മീയ കാര്യങ്ങളിൽ വ്യാപൃതനാകുമെന്നും വത്തിക്കാൻ പ്രസ് ഓഫീസ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.