ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എച്ച്1എന്‍1 കേസുകള്‍ കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇതുവരെ 1449 എച്ച്1എന്‍1 കേസുകളാണ് തലസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 229 കേസുകളെ അപേക്ഷിച്ച് ആറുമടങ്ങ് വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ചുമ, ജലദോഷം, ശക്തമായ പനി തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്.
രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കിയതായും രോഗബാധ സ്ഥിരീകരിക്കുന്നവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും ഡല്‍ഹി ആരോഗ്യ മന്ത്രി പങ്കജ് സിങ് വ്യക്തമാക്കി. താപനിലയിലുണ്ടാകുന്ന വ്യതിയാനം മൂലം മണ്‍സൂണ്‍ കാലത്ത് ഇന്‍ഫ്‌ളുവന്‍സാ കേസുകള്‍ സാധാരണയായി വര്‍ധിക്കാറുണ്ടെന്ന് ഡല്‍ഹി എയിംസിലെ പ്രൊഫസര്‍ ഡോ. സഞ്ജീവ് സിന്‍ഹ അറിയിച്ചു.
ഇന്‍ഫ്‌ളുവന്‍സ വിഭാഗത്തില്‍പ്പെട്ട വായുവിലൂടെ പടരുന്ന ഒരു വൈറസ് രോഗമാണ് എച്ച്1എന്‍1. സാധാരണ വൈറല്‍ പനിക്ക് സമാനമായ ലക്ഷണങ്ങളാണ് ഇതിനുള്ളതെങ്കിലും ചില സാഹചര്യങ്ങളില്‍ ശരീരതാപനില 100 ഡിഗ്രിക്ക് മുകളിലേക്ക് ഉയരാറുണ്ട്. ശക്തമായ പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം, ശരീരവേദന, ഛര്‍ദ്ദി, ചുമയ്ക്കുമ്പോള്‍ രക്തം തുപ്പുന്ന അവസ്ഥ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗബാധിതരില്‍ പത്ത് ശതമാനം ആളുകളില്‍ അസാധാരണ പനിയും ശ്വാസംമുട്ടലും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കാണപ്പെടാം. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, കരള്‍-വൃക്ക രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.