കീവ്: റഷ്യന്‍ അതിര്‍ത്തിക്കുള്ളിലെ തന്ത്രപ്രധാന സൈനിക-സാങ്കേതിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഉക്രെയ്‌ന്റെ ശക്തമായ മിസൈലാക്രമണം നടത്തി. റഷ്യ സ്വന്തമായി വികസിപ്പിക്കുന്ന ഉപഗ്രഹ ഇന്റര്‍നെറ്റ് ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രോഗ്രസ് റോക്കറ്റ് ഗവേഷണ കേന്ദ്രവും റഷ്യന്‍ സൈനിക വ്യോമതാവളവുമാണ് ഉക്രെയ്ന്‍ സൈന്യം തകര്‍ത്തത്. നാല് വര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധത്തിന് വിരാമമിടാന്‍ റഷ്യയ്ക്കുമേല്‍ സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആക്രമണം.
അതിര്‍ത്തിയില്‍ നിന്ന് 900 കിലോമീറ്ററോളം ഉള്ളില്‍ സ്ഥിതി ചെയ്യുന്ന പ്രോഗ്രസ് റോക്കറ്റ് കേന്ദ്രത്തിന് നേരെ തദ്ദേശീയമായി നിര്‍മിച്ച ഫ്‌ളെമിങോ ക്രൂയിസ് മിസൈലുകളാണ് പ്രയോഗിച്ചതെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി എക്‌സിലൂടെ സ്ഥിരീകരിച്ചു. ഉക്രെയ്ന്‍ നഗരങ്ങളെ ആക്രമിക്കാന്‍ റഷ്യന്‍ സൈന്യം തുടര്‍ച്ചയായി ഉപയോഗിച്ചിരുന്ന യുദ്ധ വിമാനങ്ങളുടെ പ്രധാന താവളമാണ് ഈ ആക്രമണത്തിലൂടെ നിഷ്‌ക്രിയമാക്കിയതെന്ന് അദേഹം വ്യക്തമാക്കി.
റഷ്യയുടെ യുദ്ധ ശേഷിയും സൈനിക സാങ്കേതിക അടിത്തറയും തകര്‍ക്കുന്നത് മേഖലയില്‍ ശാശ്വത സമാധാനം പുനസ്ഥാപിക്കാന്‍ അനിവാര്യമാണെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ പ്രത്യാക്രമണങ്ങളുടെ ശക്തി കുറയ്ക്കാനും അവരുടെ ഇന്റര്‍നെറ്റ്-ആശയ വിനിമയ ശൃംഖല തടസപ്പെടുത്താനും ഈ ആക്രമണത്തിലൂടെ സാധിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.