ടെഹ്റാൻ: അമേരിക്കൻ സൈനികരെ ലക്ഷ്യമിട്ട് ഇറാൻ സൈന്യം പുതിയ പ്രഖ്യാപനം നടത്തി. യു.എസ്. സൈനികരെ വധിക്കുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ (ഏകദേശം 28 ലക്ഷം രൂപ) പാരിതോഷികം നൽകുമെന്നാണ് പ്രഖ്യാപനം. ഈ ദൗത്യം നിർവഹിക്കുന്നത് വനിതകളാണെങ്കിൽ ഇരട്ടി പാരിതോഷികം നൽകുമെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്.
ഇറാൻ സൈനികത്തലവൻ അമീർ ഹാതമിയെ ഉദ്ധരിച്ച് ഇർന വാർത്താ ഏജൻസിയാണ് ഈ വിവരം പുറത്തുവിട്ടത്. സാമ്പത്തിക സഹായ പദ്ധതിയിൽ പങ്കാളികളാകാൻ നിരവധി പേർ അഭ്യർഥിച്ചതിനെത്തുടർന്നാണ് ഈ നീക്കമെന്ന് അമീർ ഹാതമി വ്യക്തമാക്കി.
ഫെബ്രുവരി 28-ന് യു.എസും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിച്ചതിനെ തുടർന്ന് ആരംഭിച്ച സംഘർഷം പശ്ചിമേഷ്യയിൽ ആറുമാസത്തോളമായി തുടരുകയാണ്. വെടിനിർത്തലിനുള്ള ശ്രമങ്ങളെല്ലാം ഇതുവരെ പരാജയപ്പെടുകയാണുണ്ടായത്.
ഇറാനിൽ യു.എസ് കരയുദ്ധം നേരിട്ട് ആരംഭിച്ചിട്ടില്ലെങ്കിലും ഇടവിട്ട് വ്യോമാക്രമണങ്ങൾ നടത്തിവരുന്നുണ്ട്. യുദ്ധം തുടർന്നാൽ കരയുദ്ധം ഉണ്ടാകുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പലതവണ ഭീഷണി മുഴക്കിയിട്ടുമുണ്ട്.
നിലവിൽ കരയുദ്ധം നടക്കാത്ത സാഹചര്യത്തിൽ യു.എസ് സൈനികരെ എങ്ങനെയാണ് കൊല്ലുകയോ പിടികൂടുകയോ ചെയ്യുകയെന്ന കാര്യത്തിൽ ഇറാൻ ഔദ്യോഗികമായി വ്യക്തത വരുത്തിയിട്ടില്ല. ഏപ്രിലിൽ യു.എസിന്റെ ഒരു വിമാനം ഇറാനിൽ തകർന്നുവീണപ്പോൾ രക്ഷാപ്രവർത്തനത്തിനുമാത്രമാണ് യു.എസ് ഇറാൻ മണ്ണിൽ നേരിട്ടിറങ്ങിയത്.