ആഗോള സമുദ്ര വ്യാപാര പാതകള്‍ക്ക് നിര്‍ണായകം; വിഴിഞ്ഞത്തെ എക്സിം പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഫ്‌ളാഗ് ഒഫ് ചെയ്തു

ആഗോള സമുദ്ര വ്യാപാര പാതകള്‍ക്ക്  നിര്‍ണായകം; വിഴിഞ്ഞത്തെ എക്സിം പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി  ഫ്‌ളാഗ് ഒഫ് ചെയ്തു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്നുള്ള സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി (എക്‌സിം) ചരക്കു നീക്കത്തിന് തുടക്കമായി. ഇന്ന് രാവിലെ 10.45ന് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ആദ്യ എക്സിം കണ്ടെയ്നര്‍ ഫ്‌ളാഗ് ഒഫ് ചെയ്തു.

ട്രാന്‍സ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള വാണിജ്യ ചരക്കുനീക്കം ആരംഭിക്കുന്നതിലൂടെ ആഗോള സമുദ്ര വ്യാപാര പാതകളില്‍ നിര്‍ണായകമായ ഒരു പുതിയ അധ്യായത്തിനാണ് വിഴിഞ്ഞത്ത് തുടക്കമായിരിക്കുന്നത്.

കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ചടങ്ങിന് എത്തിയില്ല. തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി രാജേഷും നേമം എംഎല്‍എ രാജീവ് ചന്ദ്രശേഖറും ഫ്‌ളാഗ് ഒഫ് ചടങ്ങില്‍നിന്ന് വിട്ടുനിന്നു.

ഇന്ത്യയിലെ ആദ്യത്തെ ആഴക്കടല്‍ ട്രാന്‍സ്ഷിപ്പ്മെന്റ് മദര്‍ പോര്‍ട്ടില്‍ നിന്നുള്ള വാണിജ്യ ചരക്ക് നീക്കത്തിനാണ് വിഴിഞ്ഞത്ത് തുടക്കമായത്. ആഗോള സമുദ്ര വ്യാപാര പാതകളെ ഇന്ത്യന്‍ വിപണിയുമായി ബന്ധിപ്പിക്കുന്ന കവാടമായി കേരളം മാറുന്നതിന്റെ തെളിവുകൂടിയാണ് സമ്പൂര്‍ണ എക്സിം പ്രവര്‍ത്തനങ്ങളുടെ തുടക്കം. സ്‌പെയിനിലെ വലന്‍സിയയിലേക്ക് അയച്ച ആദ്യ കയറ്റുമതി കണ്ടെയ്നറിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

കാര്‍ഷികോല്‍പന്നങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, കശുവണ്ടി, സമുദ്രോല്‍പന്നങ്ങള്‍, കൈത്തറി, തുണിത്തരങ്ങള്‍ എന്നീ മേഖലകളിലെ സംസ്ഥാനത്തെയും രാജ്യത്തെയും ചെറുകിട -ഇടത്തരം സംരംഭങ്ങള്‍ക്ക് പുതിയ വിദേശ വിപണികളിലേക്ക് പ്രവേശിക്കാന്‍ എക്‌സിം പ്രവര്‍ത്തനങ്ങളിലൂടെ അവസരമൊരുങ്ങും.

ഇതുവരെ സിംഗപ്പൂര്‍, കൊളംബോ, ദുബായ് തുറമുഖങ്ങളെ ആശ്രയിച്ചിരുന്ന കയറ്റുമതിക്കാര്‍ ഇനി വിഴിഞ്ഞത്തേക്കെത്തും. ചെറുകിട-ഇടത്തരം സംരംഭകര്‍ക്കും ഇത് ഊര്‍ജം പകരും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.