ന്യൂഡല്‍ഹി: വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല്ലുന്ന രീതി നിര്‍ത്തലാക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രീം കോടതി. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് പരിശോധിക്കാമെന്നും സമഗ്രമായ പരിശോധന നടത്തുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
വധശിക്ഷ നടപ്പാക്കുമ്പോള്‍ തൂക്കിക്കൊലയ്ക്ക് പകരം വേദന കുറഞ്ഞ മറ്റേതെങ്കിലും മാര്‍ഗം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. ഇന്നത്തെ വിധി ഈ വിഷയത്തിലെ അവസാന വാക്കല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വധശിക്ഷ നടപ്പാക്കുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് നിര്‍ണായകമായ ശാസ്ത്രീയമോ വൈദ്യ ശാസ്ത്രപരമോ അനുഭവാധിഷ്ഠിതമോ ആയ വസ്തുതകള്‍ ഭാവിയില്‍ പുറത്തു വരികയാണെങ്കില്‍ വിഷയം വീണ്ടും ഭരണഘടനാപരമായി പരിശോധിക്കാമെന്നും കോടതി പറഞ്ഞു.
നിലവിലുള്ള വധശിക്ഷ നടപ്പാക്കല്‍ രീതിയെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ ശാസ്ത്രീയമായ പരിശോധന നടത്താം. നിയമം, ഫോറന്‍സിക് മെഡിസിന്‍, ന്യൂറോസയന്‍സ്, ക്രിമിനോളജി തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു വിദഗ്ധ സമിതിക്ക് രൂപം നല്‍കി നിലവിലെ രീതിയെ സമഗ്രമായി പുനപരിശോധിക്കാം.
അനാവശ്യമായ വേദന കുറയ്ക്കുന്നതിനും വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട വ്യക്തിയുടെ അന്തസ് സംരക്ഷിക്കുന്നതിനും കൂടുതല്‍ അനുയോജ്യമായ മറ്റൊരു മാര്‍ഗമുണ്ടോയെന്ന് സമിതിക്ക് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.