ലക്‌നൗ: നാല് മാസത്തിനിടെ 22 പേര്‍ക്ക് വധശിക്ഷ വിധിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ മുസാഫര്‍നഗര്‍ അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി രവികുമാര്‍ ദിവാകറിന്റെ കോടതിയില്‍ നിന്ന് 100 കൊലപാതക കേസുകള്‍ തിരിച്ചുവിളിച്ചു. പരമാവധി ശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന ഗൗരവമേറിയ കേസുകളാണ് മേല്‍ക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ മാറ്റിയത്. ജില്ലാ സെഷന്‍സ് ജഡ്ജി വീരേന്ദ്ര കുമാര്‍ സിങ് പുറപ്പെടുവിച്ച ഭരണപരമായ ഉത്തരവിനെത്തുടര്‍ന്ന് ഈ കേസുകള്‍ ഇനി അദേഹത്തിന്റെ സ്വന്തം കോടതിയിലായിരിക്കും പരിഗണിക്കുക.
അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി ചുമതലയേറ്റ ശേഷം വെറും 10 കേസുകളിലായി 22 കുറ്റവാളികള്‍ക്കാണ് രവികുമാര്‍ ദിവാകര്‍ വധശിക്ഷ വിധിച്ചത്. തുടര്‍ച്ചയായി പരമാവധി ശിക്ഷ നല്‍കുന്നതില്‍ അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ശക്തമായ ആശങ്ക പ്രകടിപ്പിച്ചിരുന്നതായി ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രമോദ് ത്യാഗി വ്യക്തമാക്കി. മുസാഫര്‍നഗറിലെത്തുന്നതിന് മുന്‍പ് ബറേലിയിലെ കോടതിയില്‍ സേവനമനുഷ്ഠിച്ചപ്പോഴും അദേഹം 13 പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതോടെ തന്റെ സര്‍വീസ് കാലയളവില്‍ ആകെ 35 പേര്‍ക്കാണ് അദേഹം വധശിക്ഷ നല്‍കിയിട്ടുള്ളത്.
ഏപ്രില്‍ ആറിന് അഭിഭാഷകന്റെ കൊലപാതകത്തില്‍ മൂന്ന് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചുകൊണ്ടാണ് മുസാഫര്‍നഗറില്‍ അദേഹം വധശിക്ഷാ വിധികള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ഏപ്രില്‍ 28 ന് മറ്റൊരു കേസിലെ പ്രതികളായ ഒരു സ്ത്രീക്കും അവരുടെ മൂന്ന് ആണ്‍മക്കള്‍ക്കും വധശിക്ഷ നല്‍കി. ജഡ്ജിയുടെ കഠിനമായ ശിക്ഷാ വിധികളെ അനുകൂലിച്ചും പ്രതികൂലിച്ചും വന്‍ ചര്‍ച്ചകളാണ് നിയമവൃത്തങ്ങളില്‍ നടക്കുന്നത്.
അതേസമയം സെഷന്‍സ് കോടതി പുറപ്പെടുവിക്കുന്ന വധശിക്ഷകള്‍ ഹൈക്കോടതി അംഗീകരിച്ചാല്‍ മാത്രമേ നിയമപരമായി നടപ്പിലാക്കാന്‍ സാധിക്കൂ. നേരത്തെ വാരണാസിയില്‍ സിവില്‍ ജഡ്ജിയായിരിക്കെ വിവാദപരമായ ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ സര്‍വേ നടത്താന്‍ ഉത്തരവിട്ടതിലൂടെയാണ് രവികുമാര്‍ ദിവാകര്‍ ദേശീയതലത്തില്‍ ശ്രദ്ധ നേടുന്നത്.