ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധഭീതി വര്‍ധിപ്പിച്ചുകൊണ്ട് ഇറാന്റെ അതിസുരക്ഷിതമായ പികാക്സ് മലനിരകള്‍ക്ക് നേരെ ഉടന്‍ ആക്രമണം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടെഹ്‌റാന്റെ ആണവ ശേഷി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മുന്നറിയിപ്പ്. കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപം, ഭൂമിക്കടിയില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ട് കൂറ്റന്‍ തുരങ്ക സമുച്ചയങ്ങള്‍ അടങ്ങിയതാണ് ഈ പ്രദേശം.
മേഖലയില്‍ കനത്ത ഭീഷണി ഉയര്‍ത്തുന്ന ഇറാന്‍ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, യു.എസിന്റെ ശക്തമായ നിലപാടുകളാണ് ഇസ്രായേലിനെയും മിഡില്‍ ഈസ്റ്റിനെയും വലിയ ദുരന്തങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയതെന്നും അവകാശപ്പെട്ടു. സാധാരണ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പികാക്സിലെ തുരങ്കങ്ങളിലേക്ക് ഇറാന്‍ ആയിരക്കണക്കിന് സെന്‍ട്രിഫ്യൂജുകള്‍ മാറ്റി സ്ഥാപിച്ചതായി ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവിടേക്ക് അമേരിക്കന്‍ സൈനിക ആക്രമണം ഉണ്ടായാല്‍ അത് മേഖലയെ പൂര്‍ണമായൊരു മഹാ യുദ്ധത്തിലേക്ക് തള്ളിയിടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
അതേസമയം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് സംരക്ഷണം നല്‍കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് യു.എസ് സെന്റകോം അറിയിച്ചു. വ്യോമാക്രമണങ്ങള്‍ക്ക് വഴിയൊരുക്കിയ പശ്ചിമേഷ്യയിലെ പ്രധാന യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ സായുധ സേന ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു.
ഇരുരാജ്യങ്ങളും നിലപാട് കടുപ്പിച്ചതോടെ മേഖലയിലെ വരും ദിനങ്ങള്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനാണ് സാധ്യത.