ഇസ്രയേല്‍ വിസ തട്ടിപ്പ്: പൊലീസിന്റെ സമയോചിത ഇടപെടലില്‍ തമിഴ്നാട് സ്വദേശികളായ രണ്ട് പേര്‍ വിഴിഞ്ഞത്ത് പിടിയില്‍

ഇസ്രയേല്‍ വിസ തട്ടിപ്പ്: പൊലീസിന്റെ സമയോചിത ഇടപെടലില്‍ തമിഴ്നാട് സ്വദേശികളായ രണ്ട് പേര്‍ വിഴിഞ്ഞത്ത് പിടിയില്‍

തിരുവനന്തപുരം: ഇസ്രയേലില്‍ ഉയര്‍ന്ന ശമ്പളത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന രണ്ട് പേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ട്രിച്ചി പട്ടുകോട്ടൈ സ്വദേശികളായ മുഹമ്മദ് അബ്ബാസ് (49), ആരോഗ്യസ്റ്റീഫന്‍ (38) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ട്രിച്ചിയിലെത്തി സാഹസികമായി പിടിച്ചത്. അടിമലത്തുറ സ്വദേശി ജോസ് നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നിര്‍ണായക നടപടി.

ഇസ്രയേലിലെ പ്രമുഖ നിര്‍മാണ കമ്പനിയില്‍ വെല്‍ഡിങ് ജോലി വാഗ്ദാനം ചെയ്ത് കഴിഞ്ഞ മാര്‍ച്ചിലാണ് പ്രതികള്‍ ജോസില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്. വിസ പ്രൊസസിങ് പൂര്‍ത്തിയാക്കി ഓഗസ്റ്റ് പകുതിയോടെ വിമാന ടിക്കറ്റ് നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാതെ വന്നതോടെയും ഓഗസ്റ്റ് 15 ന് ശേഷം പ്രതികളുടെ ഫോണ്‍ നമ്പറുകള്‍ പൂര്‍ണമായി സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ കണ്ടതോടെയുമാണ് തട്ടിപ്പ് പുറത്തറിയുന്നത്. തുടര്‍ന്ന് ഇരയായ ജോസും സുഹൃത്തുക്കളും തമിഴ്നാട്ടിലെ പ്രതികളുടെ താവളങ്ങളിലെത്തി നേരിട്ട് അന്വേഷണം നടത്തിയെങ്കിലും പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.

ഇതോടെയാണ് പരാതിക്കാരന്‍ വിഴിഞ്ഞം പൊലീസിനെ സമീപിച്ചത്. വിഴിഞ്ഞം എസ്.എച്ച്.ഒ ഹേമന്ത് കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐഎം. പ്രശാന്ത്, എസ്.സി.പി.ഒ വിനയകുമാര്‍, സി.പി.ഒ രെജിന്‍ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും കൃത്യമായ നീക്കത്തിലൂടെ പ്രതികളുടെ ഒളിത്താവളം കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അതേസമയം വ്യാജ വിദേശ തൊഴില്‍ വാഗ്ദാനങ്ങളില്‍ വീഴരുതെന്നും അംഗീകൃത ഏജന്‍സികള്‍ വഴിയല്ലാതെ സാമ്പത്തിക ഇടപാടുകള്‍ നടത്തരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.