സമാധാനവും സാഹോദര്യവും തേടി ലോകം അസീസിയിലേക്ക്; വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി

സമാധാനവും സാഹോദര്യവും തേടി ലോകം അസീസിയിലേക്ക്; വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി

അസീസി: ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിന്റെ സ്ഥാപകനും ദാരിദ്ര്യത്തിന്റെയും സമാധാനത്തിന്റെയും അപ്പസ്തോലനുമായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാർഷിക ആഘോഷങ്ങൾക്ക് ഇറ്റലിയിലെ അസീസി നഗരം ഒരുങ്ങി. ഒക്ടോബർ മൂന്ന്, നാല് തീയതികളിൽ നടക്കുന്ന ചരിത്രപരമായ തിരുനാൾ ആഘോഷങ്ങളിലും പ്രാർത്ഥനാ ശുശ്രൂഷകളിലും സംബന്ധിക്കാൻ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിശ്വാസികളും തീർത്ഥാടകരുമാണ് അസീസിയിലേക്ക് ഒഴുകിയെത്തുന്നത്.

1226 ഒക്ടോബർ മൂന്നിനാണ് വിശുദ്ധ ഫ്രാൻസിസ് അസീസി ഈ ലോകത്തിൽ നിന്ന് നിത്യസമ്മാനത്തിലേക്ക് വിളിക്കപ്പെട്ടത്. ‘സമാധാനവും സാഹോദര്യവും’ മുഖ്യപ്രമേയമാക്കി സെപ്റ്റംബർ 24 ന് ആരംഭിക്കുന്ന തിരുനാൾ ചടങ്ങുകൾ ഒക്ടോബർ അ‍ഞ്ച് വരെ നീണ്ടുനിൽക്കും.

വിശ്വപ്രസിദ്ധമായ ‘ഫ്രാൻസിസ്കൻ പ്രാർത്ഥന’ ഓർമ്മിപ്പിക്കും വിധം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമാണ് ഈ ആഘോഷങ്ങൾ ലോകത്തിന് നൽകുന്നത്. ആരാധനാപരമായ ചടങ്ങുകൾക്ക് പുറമേ വിവിധ ആത്മീയ ധ്യാനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും ഈ നാളുകളിൽ നഗരത്തിൽ നടക്കും.

പ്രധാന തിരുനാൾ ദിനമായ ഒക്ടോബർ നാലിന് ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മത്തറെല്ല നഗരത്തിലെത്തും. അസീസിയിലെ ബസിലിക്കകൾക്കായുള്ള പരിശുദ്ധ പിതാവിന്റെ പ്രത്യേക പ്രതിനിധിയായ കർദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർട്ടിമി ചടങ്ങിൽ സന്നിഹിതനായിരിക്കും.

ബൊളോഗ്ന ആർച്ച് ബിഷപ്പും ഇറ്റാലിയൻ മെത്രാൻ സമിതി പ്രസിഡന്റുമായ കർദിനാൾ മത്തെയോ മരിയ സുപ്പി വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഭാ നേതാക്കളും വൈദികരും സമർപ്പിതരും ആയിരക്കണക്കിന് വിശ്വാസികളും ഈ ചരിത്രപരമായ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കും.

ദൈവസ്നേഹത്തിനായി എല്ലാം ഉപേക്ഷിച്ച വിശുദ്ധന്റെ ഓർമ്മകൾ പുതുക്കിക്കൊണ്ട് സഭയ്ക്ക് ഇതൊരു വലിയ കൃപയുടെ കാലഘട്ടമായി മാറുകുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.