നഗോയ: ഇന്ത്യന്‍ വെയ്റ്റ് ലിഫ്റ്റിംഗ് താരം മീരാബായി ചാനുവിന് ഏഷ്യന്‍ ഗെയിംസില്‍ ആദ്യ മെഡല്‍. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തില്‍ മീരാബായി വെള്ളി മെഡല്‍ സ്വന്തമാക്കി.
198 കിലോഗ്രാം ഭാരം ഉയര്‍ത്തിയാണ് അവര്‍ രണ്ടാം സ്ഥാനത്തെത്തിയത്. 215 കിലോഗ്രാം ഭാരമുയര്‍ത്തിയ ഉത്തര കൊറിയയുടെ റി സോംഗ് ഗമിനാണ് സ്വര്‍ണ മെഡല്‍. ഇന്തോനേഷ്യയുടെ വിജയാന ലുലുക് ദിയാന ട്രി വെങ്കല മെഡലും സ്വന്തമാക്കി.
2023 ലെ ഹാങ്ചോ ഏഷ്യന്‍ ഗെയിംസില്‍ നാലാം സ്ഥാനത്തെത്തിയ മീരാബായിക്ക് നേരിയ വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്. പരിക്ക് മൂലം അവസാന ക്ലീന്‍ ആന്റ് ജര്‍ക്ക് ശ്രമം പൂര്‍ത്തായാക്കാന്‍ കഴിയാതിരുന്നതാണ് തിരിച്ചടിയായത്. 2021 ലെ ടോക്കിയോ ഒളിമ്പിക്സില്‍ വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തില്‍ മീരാബായി വെള്ളി മെഡല്‍ നേടിയിരുന്നു.
2021 ഏപ്രില്‍ 17 ന് ഏഷ്യന്‍ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 49 കിലോഗ്രാം വിഭാഗത്തിലെ ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 119 കിലോഗ്രാം ഭാരം ഉയര്‍ത്തി ലോക റെക്കോര്‍ഡും താരം സ്വന്തമാക്കിയിരുന്നു.
2023 സെപ്തംബര്‍ അഞ്ചുവരെ ആ റെക്കോര്‍ഡ് മീരാബായിയുടെ പേരിലായിരുന്നു. 2018 ല്‍ ഇന്ത്യയിലെ നാലാമത്തെ ഉയര്‍ന്ന സിവിലയന്‍ ബഹുമതിയായ പത്മശ്രീയും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്ന പുരസ്കാരവും മീരാബായിക്ക് ലഭിച്ചു.