ന്യൂയോർക്ക്: ശ്വാസമില്ലാതെ ഒരു മണിക്കൂറിലധികം സമയം കഴിഞ്ഞതിനുശേഷവും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരു കുട്ടിയുടെ സാക്ഷ്യം ക്രൈസ്തവ ലോകത്ത് വീണ്ടും ശ്രദ്ധ നേടുന്നു. ആർച്ച് ബിഷപ്പ് ഫുൾട്ടൻ ഷീനിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാനിരിക്കെയാണ് അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്തുനിന്നുള്ള ട്രാവിസ് - ബോണി ദമ്പതികളുടെ മകനായ ജെയിംസിന് ലഭിച്ച ദൈവിക സൗഖ്യം വീണ്ടും ചർച്ചയാകുന്നത്. ഈ അത്ഭുതമാണ് ആർച്ച് ബിഷപ്പ് ഷീനിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനായി വത്തിക്കാൻ ഔദ്യോഗികമായി അംഗീകരിച്ചത്.
2010 സെപ്റ്റംബർ 16-നാണ് വൈദ്യശാസ്ത്രത്തെപ്പോലും വിസ്മയിപ്പിച്ച ആ മഹാത്ഭുതം സംഭവിച്ചത്. പിറന്നു വീണ കുഞ്ഞ് ശ്വാസമെടുക്കുന്നുണ്ടായിരുന്നില്ല. കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാൻ ഒപ്പമുണ്ടായിരുന്ന മെഡിക്കൽ വിദഗ്ധർ നടത്തിയ ശ്രമങ്ങളും പരാജയപ്പെടുന്നതായി മനസിലാക്കിയ പിതാവ് ട്രാവിസ് കുഞ്ഞിന് അടിയന്തരമായി വീട്ടുമാമ്മോദീസ നൽകാൻ തീരുമാനിച്ചു.
വെള്ളമെടുത്ത് കുഞ്ഞിന്റെ നെറ്റിയിൽ കുരിശടയാളം വരച്ച് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആർച്ച് ബിഷപ്പ് ഷീനിന്റെ പേര് ചേർത്ത് ‘ജെയിംസ് ഫുൾട്ടൻ’ എന്ന് നാമകരണം ചെയ്ത് അദേഹം കുഞ്ഞിനെ മാമ്മോദീസ മുക്കി. ആ സമയത്തും കുഞ്ഞിൽ ജീവന്റെ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല.
തുടർന്ന് കുഞ്ഞിനെ പിയോറിയയിലെ ഒരു മെഡിക്കൽ സെന്ററിലേക്ക് മാറ്റിയെങ്കിലും ഡോക്ടർമാരുടെ എല്ലാ ശ്രമങ്ങളും വിഫലമായി. ജീവന്റെ തുടിപ്പുകളൊന്നുമില്ലാതെ കൃത്യം 61 മിനിറ്റുകൾ കടന്നുപോയി. ഡോക്ടർമാർ മരണസമയം ഔദ്യോഗികമായി കുറിക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ആ അവിശ്വസനീയമായ സംഭവം ഉണ്ടായത്.
ജെയിംസിന്റെ കൊച്ചുഹൃദയം വീണ്ടും മിടിക്കാൻ തുടങ്ങി! ഈ 61 മിനിറ്റുകളിലുടനീളം ജെയിംസിന്റെ മാതാപിതാക്കളും ബന്ധുക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കളും ആർച്ച് ബിഷപ്പ് ഫുൾട്ടൻ ജെ. ഷീന്റെ മാധ്യസ്ഥ്യം തേടി പ്രാർത്ഥിക്കുകയായിരുന്നു. കുഞ്ഞിന് ആ ആർച്ച് ബിഷപ്പിന്റെ പേര് നൽകിയിരുന്നു എന്നതും ഈ സന്ദർഭത്തിൽ ഏറെ ശ്രദ്ധേയമാണ്.
മരണത്തിന്റെ വക്കിൽ നിന്ന് തിരികെ വന്നുവെങ്കിലും, തലച്ചോറിലേക്ക് ഓക്സിജൻ ലഭിക്കാത്തതിനാൽ കുട്ടിക്ക് ഗുരുതരമായ അംഗവൈകല്യങ്ങൾ ഉണ്ടാകുമെന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ മാസങ്ങൾക്ക് ശേഷം എടുത്ത എം.ആർ.ഐ സ്കാൻ ഫലം മെഡിക്കൽ സംഘത്തെ അമ്പരപ്പിക്കുന്നതായിരുന്നു.
ജെയിംസിന്റെ തലച്ചോറിൽ യാതൊരുവിധ തകരാറുകളോ വീക്കങ്ങളോ ഉണ്ടായിരുന്നില്ല! ‘ഇങ്ങനെ സംഭവിക്കാൻ സാധ്യതയില്ല, ഇതൊരു അത്ഭുതമാണ്’ എന്നായിരുന്നു ഡോക്ടർമാരുടെ പ്രതികരണം. ദൈവം തങ്ങളുടെ കുഞ്ഞിനായി ഒരു വലിയ അത്ഭുതം പ്രവർത്തിച്ചിരിക്കുകയാണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു.
മരണത്തെ അതിജീവിച്ച ആ കുഞ്ഞ് ഇന്ന് മിടുക്കനായ 16 വയസ്സുകാരനായ സ്കൂൾ വിദ്യാർത്ഥിയാണ്. ഫുട്ബോൾ കളിക്കാനും മാതാപിതാക്കളെയും ഇടവകാംഗങ്ങളെയും സഹായിക്കാനും ജെയിംസ് ഇപ്പോൾ മുന്നിലുണ്ട്. “ഞാൻ ആർച്ച് ബിഷപ്പ് ഷീനിനോട് പ്രാർത്ഥിക്കാറുണ്ട്, അദേഹം എന്റെ ജീവിതത്തിൽ എന്നെ സഹായിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു,” എന്നാണ് തനിക്ക് ജീവിതം തിരികെ തന്ന ഫുൾട്ടൻ ഷീനെക്കുറിച്ച് ജെയിംസ് സാക്ഷ്യപ്പെടുത്തുന്നത്.
വൈദ്യശാസ്ത്രത്തിന് വിശദീകരിക്കാനാവാത്ത ഈ അത്ഭുതം വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും ശക്തി ലോകത്തിന് ഒരിക്കൽ കൂടി യാഥാർത്ഥ്യബോധത്തോടെ തെളിയിച്ചുകൊടുക്കുന്നു.