ഫ്രാന്‍സിലെ അപ്പസ്‌തോലിക സന്ദര്‍ശനത്തിനിടെ ലൂര്‍ദ്ദിലെത്തി പ്രത്യേക പ്രാര്‍ത്ഥന അര്‍പ്പിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ

ഫ്രാന്‍സിലെ അപ്പസ്‌തോലിക സന്ദര്‍ശനത്തിനിടെ ലൂര്‍ദ്ദിലെത്തി പ്രത്യേക പ്രാര്‍ത്ഥന അര്‍പ്പിച്ച് ലിയോ പതിനാലാമന്‍  മാര്‍പാപ്പ

പാരിസ്: ഫ്രാന്‍സിലെ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ലൂര്‍ദ്ദിലെ ലോക പ്രശസ്തമായ മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ എത്തി.

പുണ്യ സങ്കേതത്തിന് സമീപത്തുകൂടി ഒഴുകുന്ന ഗാവ് ഡി പോ (Gave de Pau) നദിക്കരയില്‍ മാര്‍പാപ്പയെ സ്വീകരിക്കാനായി നിരവധി ആളുകള്‍ തടിച്ചുകൂടിയിരുന്നു. കുട്ടികള്‍ പതാകകളും വര്‍ണാഭമായ അക്ഷരങ്ങളില്‍ 'വെല്‍ക്കം പോപ്പ് ലിയോ' എന്നെഴുതിയ ബോര്‍ഡുകളുമായി പാപ്പയെ വരവേറ്റു.

മാതാവിന്റെ ദര്‍ശന ഗുഹയില്‍ (Grotto of the Apparitions) മുട്ടുകുത്തി മിനിറ്റുകളോളം പ്രാര്‍ത്ഥിച്ച അദ്ദേഹം പിന്നീട് ഗുഹയ്ക്ക് ചുറ്റും നടന്ന് ചുവരുകളില്‍ സ്പര്‍ശിക്കുകയും മെഴുകുതിരി തെളിയിക്കുകയും ചെയ്തു.

1858ല്‍ പരിശുദ്ധ കന്യകാമറിയം വിശുദ്ധ ബെര്‍ണഡെറ്റ് സ ഔബിറൂസിന് ദര്‍ശനം നല്‍കുകയും താന്‍ 'അമലോത്ഭവ' ആണെന്ന് വെളിപ്പെടുത്തുകയും ചെയ്ത സ്ഥലമാണ് പിന്നീട് 'ഔര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ്' എന്ന പുണ്യ സങ്കേതമായി മാറിയത്.

രോഗശാന്തിയും സമാധാനവും തേടിയാണ് ലോകമെമ്പാടുമുള്ള തീര്‍ത്ഥാടകര്‍ ലൂര്‍ദിലെത്തുന്നത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ തന്നെ സംഘര്‍ഷങ്ങളും ഭിന്നതകളും അനുഭവിക്കുന്ന ഫ്രാന്‍സ് എന്ന രാജ്യത്തെയും അവിടെയുള്ള ജനങ്ങളെയും അവിടുത്തെ സഭയെയും പരിശുദ്ധ പിതാവ് മാതാവിന് സമര്‍പ്പിച്ചു.

ജനങ്ങള്‍ക്കിടയിലുള്ള സഹോദര സൗഹാര്‍ദ്ദത്തിനും പാവപ്പെട്ടവര്‍ക്കും ഏറ്റവും സഹായം ആവശ്യമുള്ളവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും ലോകസമാധാനത്തിനുമായി പാപ്പ പ്രാര്‍ത്ഥിച്ചു.

തുടര്‍ന്ന് മറിയത്തോടുള്ള ഭക്തിയുടെ പ്രതീകമായി മാര്‍പാപ്പമാര്‍ പരമ്പരാഗതമായി നല്‍കി വരുന്ന സമ്മാനമായ ഒരു സ്വര്‍ണ റോസാപ്പൂവ് പാപ്പ മാതാവിന് സമര്‍പ്പിച്ചു. ജനക്കൂട്ടത്തിന്റെ ആര്‍പ്പുവിളികള്‍ക്കിടയില്‍ പാപ്പ 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ത്ഥന ചൊല്ലുകയും ആശീര്‍വാദം നല്‍കുകയും ചെയ്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.