വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ആത്മീയ പൈതൃകം ഇന്നും ഫലം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു: വിശുദ്ധന്റെ ഏണ്ണൂറാം ചരമവാർഷിക ദിനത്തിൽ മാർപാപ്പയുടെ സന്ദേശം

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ആത്മീയ പൈതൃകം ഇന്നും ഫലം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു: വിശുദ്ധന്റെ ഏണ്ണൂറാം ചരമവാർഷിക ദിനത്തിൽ മാർപാപ്പയുടെ സന്ദേശം

വത്തിക്കാൻ സിറ്റി: ദൈവം ഒരിക്കലും നമ്മുടെ ജീവിതങ്ങളെ തള്ളിക്കളയുന്നില്ലെന്നും മനുഷ്യൻ്റെ തിരസ്കരണങ്ങൾക്കോ അക്രമങ്ങൾക്കോ അവിടത്തെ രക്ഷാകരമായ ഇംഗിതത്തെ തടയാനാവില്ലെന്നും വിശ്വാസികൾക്ക് ഉറപ്പുനൽകി ലിയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ച വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ ത്രികാല പ്രാർത്ഥനയ്ക്കായി ഒരുമിച്ചുകൂടിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാർപാപ്പ.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ വിവരിച്ചിരിക്കുന്ന മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമയെ (മത്തായി 21:33-43) ആധാരമാക്കിയാണ് പരിശുദ്ധ പിതാവ് ഈയാഴ്ച ധ്യാനചിന്തകൾ പങ്കുവച്ചത്. ഈ ഉപമ യേശുവിനെക്കുറിച്ചും അവിടത്തെ ജീവിതനിയോഗത്തെക്കുറിച്ചുമാണ് വ്യക്തമാക്കുന്നതെന്ന് മാർപാപ്പാ പറഞ്ഞു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാർഷിക ദിനത്തിൽ, അദ്ദേഹം ഉയർത്തിപ്പിടിച്ച വിശ്വാസ സാക്ഷ്യത്തെയും സഹോദരസ്നേഹത്തെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

ദൈവത്തിൻ്റെ കാരുണ്യം തിന്മയെക്കാൾ ശക്തം

ലോകത്തിലേക്ക് അയക്കപ്പെട്ട ദൈവപുത്രനാണ് യേശു. എന്നാൽ, ഇരുകൈകളും നീട്ടി സ്വീകരിക്കേണ്ടിയിരുന്നവർതന്നെ അവിടത്തെ തിരസ്‌കരിച്ചു. രക്ഷ കൊണ്ടുവന്നവന്‍ ശിക്ഷക്ക് വിധിക്കപ്പെട്ടു. ജീവൻ നൽകാൻ ആഗ്രഹിച്ചവനെ മരണത്തിന് അവർ വിട്ടുകൊടുത്തു.

ഈ തിരസ്കരണം ലോകത്തെയും ജനതകളുടെ ചരിത്രത്തെയും ബാധിക്കുന്ന അനേകം ക്രൂരതകളെ കുറിച്ച് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. എന്നാൽ, പിതാവായ ദൈവത്തിൻ്റെ അളവറ്റ കരുണയാണ് യേശു ഈ ഉപമയിലൂടെ നമുക്ക് വെളിപ്പെടുത്തുന്നത്.

ദൈവത്തിൻ്റെ അനന്തമായ നീതിയിൽ തിന്മയെ രക്ഷയായി പരിണമിപ്പിക്കുന്ന അവിടത്തെ ഇംഗിതം ആർക്കും തടയാനാവില്ലെന്നാണ് ഈ ഉപമയിലൂടെ യേശു നമ്മെ പഠിപ്പിക്കുന്നത്. 'പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ലു തന്നെ മൂലക്കല്ലായിത്തീർന്നു.' (മത്തായി 21:42, സങ്കീർത്തനം 118:22) തള്ളിക്കളയപ്പെട്ടത് തന്നെയാണ് എല്ലാറ്റിനെയും താങ്ങിനിർത്തുന്ന അടിത്തറയായി മാറുന്നതെന്ന് ലിയോ പാപ്പാ ചൂണ്ടിക്കാട്ടി. അങ്ങനെ, ദൈവം ചരിത്രത്തെ മുന്നോട്ടു നയിക്കുകയും നാം വീഴുമ്പോഴെല്ലാം നമ്മുടെ സഹായത്തിനെത്തുകയും ചെയ്യുന്നു.

സഭയുടെ പുനർനിർമാണം

മുന്തിരിത്തോട്ടം സഭയുടെ പ്രതീകമാണ്. നമ്മുടെ തീരുമാനങ്ങൾക്ക് സഭയെ പടുത്തുയർത്താനും തകർക്കാനും കഴിയും. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ എട്ടാം ചരമ ശതാബ്ദിയിൽ, കർത്താവിൻ്റെ മുന്തിരി തോട്ടത്തിൽ ഫലപ്രദമായി അധ്വാനിച്ച ഒരു കൃഷിക്കാരനായിരുന്നു അദ്ദേഹമെന്ന് പാപ്പാ അനുസ്മരിച്ചു. യേശുവിൻ്റെ സഭയെ പുനർനിർമ്മിക്കണമെന്ന ആഹ്വാനത്തോട് ഫ്രാൻസിസ് ആത്മാർത്ഥമായി പ്രതികരിച്ചു.

ക്രൂശിതനായ ക്രിസ്തുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഫ്രാൻസിസ് ആദ്യം തൻ്റെതന്നെ ജീവിതം പടുത്തുയർത്തി.ഒരു പഞ്ചക്ഷതധാരിയായിത്തീരുവോളം യേശുവിൻ്റെ ദാരിദ്ര്യത്തിലും ക്ലേശങ്ങളിലും ആനന്ദത്തിലും ഫ്രാൻസിസ് പങ്കുകാരനായി. അദ്ദേഹത്തിൻ്റെ തീക്ഷണമായ പ്രാർത്ഥനയും എല്ലാറ്റിനോടുമുള്ള പരസ്നേഹചൈതന്യവും ഒപ്പമുണ്ടായിരുന്ന ആദ്യകാല ഫ്രാൻസിസ്കൻ സഹോദരങ്ങൾക്ക് മാതൃകയായി ഭവിച്ചു. സഭയുടെ നവീകരണത്തിനുള്ള യഥാർത്ഥ മാർഗമായി അദ്ദേഹത്തിൻ്റെ താപസ ജീവിതശൈലി അവർ സ്വീകരിച്ചു.

ഫലം കായ്ച്ചുകൊണ്ടേയിരിക്കുന്ന പൈതൃകം

എട്ടു നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിശുദ്ധ ഫ്രാൻസിസിൻ്റെ ആത്മീയ പൈതൃകം ഇന്നും ഫലം പുറപ്പെടുവിക്കുന്നുവെന്ന് ലിയോ പാപ്പാ തുടർന്നുപറഞ്ഞു. മഹത്തായതും സജീവവുമായ ഫ്രാൻസിസ്കൻ കുടുംബത്തിലൂടെ അദ്ദേഹത്തിൻ്റെ ആത്മീയ പൈതൃകം ദൈവജനത്തിനു നൽകുന്ന അനേകം നന്മകൾ ഇത് വ്യക്തമാക്കുന്നു.

സഭ ഫ്രാൻസിസ്കൻ ജൂബിലി വർഷം ആഘോഷിക്കുന്ന ഈ അവസരത്തിൽ, സമാധാനത്തിനായി സ്ഥിരോസാഹത്തോടെ പ്രാർത്ഥിക്കാനും ജനങ്ങൾക്കിടയിൽ ഐക്യം കെട്ടിപ്പടുക്കുന്നതിൽ പ്രതിജ്ഞാബദ്ധരാകാനും മാർപാപ്പ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

ഇക്കാര്യങ്ങളെല്ലാം പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥത്തിന് സമർപ്പിച്ച പാപ്പാ, പോംപെയിലെ ജപമാല രാജ്ഞിയുടെ തീർത്ഥാടന കേന്ദ്രത്തിൽ ഒരുമിച്ചു കൂടിയിരിക്കുന്ന വിശ്വാസികളോടുള്ള ആത്മീയ ഐക്യത്തിൽ ത്രികാലജപ പ്രാർത്ഥന അർപ്പിക്കാം എന്ന് ആഹ്വാനം ചെയ്തുകൊണ്ട് തൻ്റെ വാക്കുകൾ ഉപസംഹരിച്ചു.

മാർപാപ്പമാരുടെ ഇതുവരെയുളള സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.