ഡിജിറ്റൽ ബൈബിൾ വായനയിൽ ചരിത്രപരമായ കുതിപ്പ്; യുവേർഷൻ ആപ്പിലൂടെ തിരുവചനത്തിലേക്ക് ഒഴുകിയെത്തി ലക്ഷക്കണക്കിന് വിശ്വാസികൾ

ഡിജിറ്റൽ ബൈബിൾ വായനയിൽ ചരിത്രപരമായ കുതിപ്പ്; യുവേർഷൻ ആപ്പിലൂടെ തിരുവചനത്തിലേക്ക് ഒഴുകിയെത്തി ലക്ഷക്കണക്കിന് വിശ്വാസികൾ

ലണ്ടൻ: മാനസിക സമ്മർദളും അനിശ്ചിതാവസ്ഥകളും നിറഞ്ഞ ആധുനിക ലോകത്ത് ആശ്വാസവും സമാധാനവും തേടി തിരുവചനത്തിലേക്ക് മടങ്ങിയെത്തി വിശ്വാസികൾ. പ്രമുഖ ഡിജിറ്റൽ ബൈബിൾ പ്ലാറ്റ്‌ഫോമായ 'യുവേർഷൻ' പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകമെമ്പാടും പ്രതിദിനം ഏകദേശം 1.85 കോടി (18.5 മില്യൺ) ആളുകളാണ് ഈ ആപ്ലിക്കേഷൻ സജീവമായി ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിന ഉപയോഗത്തിൽ 13 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജീവിതത്തിലെ പ്രതിസന്ധികൾക്കും ചോദ്യങ്ങൾക്കും തിരുവചനത്തിലൂടെ ഉത്തരങ്ങൾ തേടാൻ ആളുകൾ കൂടുതൽ സമയം മാറ്റിവെക്കുന്നു എന്നതിന്റെ തെളിവാണ് ഈ വർധനവെന്ന് യുവേർഷൻ സ്ഥാപകനും സി.ഇ.ഒയുമായ ബോബി ഗ്രൂൺവാൾഡ് വ്യക്തമാക്കി.

ആപ്ലിക്കേഷനിൽ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ തിരഞ്ഞ പദങ്ങൾ പരിശോധിച്ചപ്പോൾ ‘ഉത്കണ്ഠ’, ‘പ്രതീക്ഷ’, ‘സൗഖ്യം’ എന്നിവയ്ക്കാണ് മുൻഗണന ലഭിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ദൈവീക സംരക്ഷണം അർത്ഥമാക്കുന്ന 'സങ്കീർത്തനം 91' ആണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ ഏറ്റവും കൂടുതൽ വായിക്കുകയും തിരയുകയും ചെയ്ത തിരുവചന ഭാഗം. ഇന്നത്തെ കാലഘട്ടത്തിലെ മാനസിക ഭാരങ്ങളെ അതിജീവിക്കാൻ വചനത്തിലുള്ള ആശ്രയമാണ് ഇത് കാണിക്കുന്നത്.

യുകെയിൽ വിശ്വാസത്തോടും ആത്മീയതയോടുമുള്ള താൽപ്പര്യം ശക്തമായി വളർന്നുകൊണ്ടിരിക്കുകയാണെന്നും, ഇത് സഭകളുമായും കൂട്ടായ്മകളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇടയാക്കുമെന്നും യുവേർഷൻ കോർഡിനേറ്ററായ എറിൻ ഗാർഡ്നർ പറഞ്ഞു.

കഴിഞ്ഞ നവംബറോടെ ലോകമെമ്പാടും 100 കോടി ഡിവൈസുകളിൽ ഇൻസ്റ്റാളേഷൻ പൂർത്തിയാക്കിയ ഈ ആപ്പ്, 16 കോടിയിലധികം പുതിയ ഡൗൺലോഡുകളുമായി മുന്നേറുകയാണ്. വരും ദിവസങ്ങളിൽ ബൈബിൾ മാസാചരണത്തിന്റെ ഭാഗമായി 30 ദിവസത്തെ ബൈബിൾ വായനാ ചലഞ്ചുകളും, ലണ്ടൻ, ന്യൂയോർക്ക് തുടങ്ങിയ പ്രമുഖ നഗര കേന്ദ്രങ്ങളിൽ ഡിജിറ്റൽ ബൈബിൾ വാക്യങ്ങളുടെ പ്രദർശനങ്ങളും യുവേർഷൻ സംഘടിപ്പിക്കുന്നുണ്ട്.

ലോകത്തിന്റെ പല ഭാഗങ്ങളിലും ആത്മീയ തണുപ്പ് അനുഭവപ്പെടുന്നു എന്ന് പറയപ്പെടുമ്പോഴും ആധുനിക സാങ്കേതികവിദ്യയിലൂടെ തിരുവചനം കൂടുതൽ ആളുകളിലേക്ക് വേഗത്തിൽ എത്തുന്നു എന്നത് ക്രൈസ്തവ ലോകത്തിന് വലിയൊരു പ്രത്യാശയാണ് നൽകുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.