ജീവന്റെ അസാധാരണ വിജയം: ഗർഭച്ഛിദ്രത്തിൽ നിന്ന് രക്ഷിക്കപ്പെട്ട 15 കുരുന്നുകൾ മാമ്മോദീസ സ്വീകരിച്ചു

ജീവന്റെ അസാധാരണ വിജയം: ഗർഭച്ഛിദ്രത്തിൽ നിന്ന് രക്ഷിക്കപ്പെട്ട 15 കുരുന്നുകൾ മാമ്മോദീസ സ്വീകരിച്ചു

മാഡ്രിഡ്: ഗർഭച്ഛിദ്രത്തിന്റെ നിഴലിൽ നിന്ന് സ്നേഹത്തിന്റെ കൈത്താങ്ങിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ 15 കുഞ്ഞുങ്ങൾക്ക് മാമ്മോദീസ നൽകി. സ്പെയിനിലെ മാഡ്രിഡിൽ, ബൊവാദില്ല ദെൽ മോണ്ടെയിലെ കരുണാനാഥനായ ക്രിസ്തുവിന്റെ ദേവാലയത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ ബിഷപ്പ് ജിനേസ് ഗാർസിയ ബെൽട്രാൻ കാർമ്മികനായി.

ഗർഭച്ഛിദ്രത്തെക്കുറിച്ച് ചിന്തിച്ചിരുന്ന അമ്മമാർക്ക് തക്കസമയത്ത് ആശ്വാസവും പിന്തുണയും നൽകി ജീവിതത്തിലേക്ക് വഴിനടത്തിയത് 'മാസ് ഫുതുറോ' അസോസിയേഷനും 'ജോൺ പോൾ രണ്ടാമൻ റെസ്ക്യൂവേഴ്സ്'സംഘടനയുമാണ്. പ്രതിസന്ധികളിൽ ഒറ്റപ്പെട്ടുപോകുന്ന അമ്മമാർക്ക് കരുതലും സ്നേഹവും ലഭിക്കുമ്പോൾ, ഒരു പുതിയ ജീവന് ലോകത്തിലേക്ക് പിറന്നുവീഴാനുള്ള ഭാഗ്യമാണ് ലഭിക്കുന്നതെന്ന് ചടങ്ങ് ഓർമ്മിപ്പിച്ചു.

ഇതുവരെ തങ്ങളുടെ രക്ഷാപ്രവർത്തനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ കുഞ്ഞുങ്ങളുടെ എണ്ണം 9,000-ത്തോടടുക്കുകയാണെന്ന് അസോസിയേഷൻ പ്രസിഡന്റ് മാർത്ത വെലാർഡെ വ്യക്തമാക്കി. എന്നാൽ മാമ്മോദീസയോടെ ഈ ദൗത്യം അവസാനിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഗർഭച്ഛിദ്രാനന്തര മാനസികവും വൈകാരികവുമായ വേദനകൾ അനുഭവിക്കുന്ന അമ്മമാരുടെ പുനരധിവാസത്തിനും തുടർപരിചരണത്തിനും സംഘടന എപ്പോഴും ഒപ്പമുണ്ടാകുമെന്ന് അവർ ഉറപ്പുനൽകി.

ഗെറ്റാഫെ രൂപതയിൽ ഗർഭച്ഛിദ്രത്തിൽ നിന്ന് രക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾക്കായി മാമ്മോദീസ നടത്തിവരാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. കഴിഞ്ഞ വർഷം അൽകോർകോണിലെ വിശുദ്ധ ജോസ്മരിയ എസ്ക്രിവ ദേവാലയത്തിൽ വെച്ച് 17 കുഞ്ഞുങ്ങൾക്ക് ബിഷപ്പ് മാമ്മോദീസ നൽകിയിരുന്നു. ജീവന്റെ സംസ്കാരം ഉയർത്തിപ്പിടിക്കുന്ന സഭയുടെയും സംഘടനകളുടെയും ഈ സ്നേഹക്കൂട്ടായ്മ വിശ്വാസസമൂഹത്തിന് വലിയൊരു മാതൃകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.