വത്തിക്കാൻ സിറ്റി: അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ലോകമെമ്പാടുമുള്ള കത്തോലിക്കാ വൈദികരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് രേഖപ്പെടുത്തി. മുൻവർഷത്തെ അപേക്ഷിച്ച് കത്തോലിക്കാ വൈദികരുടെ എണ്ണം 425 വര്‍ധിച്ച് 4,07,421 ആയി ഉയര്‍ന്നു.
മിഷന് ഞായറിന് മുന്നോടിയായി വത്തിക്കാന്‍ വാര്‍ത്ത ഏജന്‍സിയായ ‘ഫിഡെസ്’ പ്രസിദ്ധീകരിച്ച ഔദ്യോഗിക റിപ്പോര്‍ട്ടിലാണ് ഈ ആശ്വാസകരമായ വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. 2024 ഡിസംബര്‍ 31 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
കത്തോലിക്കാ വൈദികരുടെ എണ്ണത്തിൽ ഏറ്റവും ഉയര്‍ന്ന വര്‍ധനവ് രേഖപ്പെടുത്തിയത് ആഫ്രിക്കയിലാണ്; ഇവിടെ 1,676 വൈദികരുടെ വര്‍ധനവുണ്ടായി. തൊട്ടുപിന്നാലെ ഏഷ്യയില്‍ 1,065 വൈദികരുടെ വര്‍ധനവും രേഖപ്പെടുത്തി. മുന്‍വര്‍ഷങ്ങളിലെ തുടർച്ചയായ കുറവിന് വിപരീതമായി അമേരിക്കന്‍ വന്‍കരകളിലും ആശ്വാസകരമായി 199 വൈദികരുടെ വർധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം യൂറോപ്പിൽ മാത്രം 2,483 വൈദികരുടെ കുറവാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
വൈദികരുടെ എണ്ണത്തിനൊപ്പം ആഗോളതലത്തിലുള്ള കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തിലും വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. 2024 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് ലോകത്തിലെ ആകെ കത്തോലിക്കാ ജനസംഖ്യ 1 കോടി 66 ലക്ഷം വര്‍ധിച്ച് 142.2 കോടിയായി ഉയര്‍ന്നു. ഇതനുസരിച്ച് നിലവിൽ ലോക ജനസംഖ്യയുടെ 17.8 ശതമാനം ആളുകളും കത്തോലിക്കരാണ്.
കത്തോലിക്കാ ജനസംഖ്യയില്‍ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയത് ആഫ്രിക്കയിലാണ് (75.8 ലക്ഷം). തൊട്ടുപിന്നിലുള്ള അമേരിക്കന്‍ വന്‍കരകളിൽ 70 ലക്ഷത്തിനടുത്ത് വര്‍ധനവുണ്ടായി. ഏഷ്യയില്‍ 9.68 ലക്ഷവും യൂറോപ്പില്‍ 9.11 ലക്ഷവും ഓഷ്യാനിയയില്‍ 2.39 ലക്ഷവും പുതിയ വിശ്വാസികൾ കടന്നുവന്നു.
ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന വിപുലമായ വിദ്യാഭ്യാസ-കാരുണ്യ പ്രവര്‍ത്തനങ്ങളുടെ കണക്കുകളും ഫിഡെസ് പുറത്തുവിട്ടിട്ടുണ്ട്. സഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന 75,448 കിന്റര്‍ഗാര്‍ട്ടനുകളിലായി 74 ലക്ഷത്തിലധികം കുട്ടികൾ പഠിക്കുന്നുണ്ട്.
കൂടാതെ സഭ നടത്തുന്ന 103,666 പ്രൈമറി സ്കൂളുകളില്‍ 3.63 കോടിയിലധികം വിദ്യാര്‍ത്ഥികളും, 51,810 സെക്കന്‍ഡറി സ്കൂളുകളില്‍ 2.03 കോടിയിലധികം വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസം നേടുന്നു. സഭ മേല്‍നോട്ടം നല്കുന്ന ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ 27 ലക്ഷത്തോളം വിദ്യാര്‍ത്ഥികളും സഭയുമായി അഫിലിയേറ്റ് ചെയ്ത വിവിധ സര്‍വകലാശാലകളില്‍ 40 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും പഠനം തുടരുന്നുണ്ടെന്നും റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.