വത്തിക്കാൻ സിറ്റി: സകല മരിച്ചവരുടെ ഓർമ്മ ആചരിക്കുന്ന നവംബർ രണ്ടിന് റോമിലെ ഏറ്റവും പഴക്കമുള്ള വെറാനോ സെമിത്തേരിയിൽ ലിയോ പതിനാലാമൻ പാപ്പ വിശുദ്ധ ബലി അർപ്പിക്കും. വൈകുന്നേരം നാലു മണിക്കാണ് തിരുക്കർമ്മങ്ങൾ നടക്കുന്നത്.
വിശുദ്ധ ബലിയിൽ റോമിലേക്കുള്ള പാപ്പയുടെ വികാരി കർദിനാൾ ബൽദസ്സാരെ റെയ്ന, ബിഷപ് തരന്തെല്ലി ബക്കാരി എന്നിവർ സഹകാർമ്മികരാകും. ബലിയർപ്പണത്തിന് മുൻപ് പരിശുദ്ധ പിതാവ് ഒരു കല്ലറയ്ക്കരികിലെത്തി പ്രാർത്ഥിക്കുകയും പൂക്കൾ സമർപ്പിക്കുകയും ചെയ്യുമെന്ന് വിക്കരിയേറ്റ് വ്യക്തമാക്കി.
സകല വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ ഒന്ന് ഞായറാഴ്ച, റോമിലെ വിവിധ സെമിത്തേരികളിൽ മരിച്ച വിശ്വാസികൾക്കായുള്ള വിശുദ്ധബലിയർപ്പണങ്ങൾ ഉണ്ടായിരിക്കും. ‘പ്രീമ പോർത്ത’ എന്നറിയപ്പെടുന്ന ഫ്ളമീനോ സെമിത്തേരിയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും വൈകുന്നേരം മൂന്നരയ്ക്ക് വിശുദ്ധ ബലി അർപ്പിക്കപ്പെടും. നവംബർ മാസത്തിന്റെ ആദ്യ ദിവസങ്ങളിൽ മരണമടഞ്ഞ വിശ്വാസികൾക്കായി സഭ നടത്തുന്ന പരമ്പരാഗത അനുസ്മരണങ്ങളുടെ ഭാഗമായാണ് ഈ തിരുക്കർമ്മങ്ങൾ.
വെറാനോ സെമിത്തേരിയിൽ നടക്കുന്ന ചടങ്ങിന് ഒരു പാപ്പ കാർമ്മികനാകുന്നത് ഇത് ആദ്യമായല്ല. 2013, 2014, 2015 വർഷങ്ങളിൽ ഫ്രാൻസിസ് പാപ്പയും ഇവിടെ മരിച്ച വിശ്വാസികളുടെ അനുസ്മരണത്തിന്റെ ഭാഗമായി വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു.