അ‍ഞ്ഞൂറ് വർഷത്തിനിടെ ആദ്യം; കത്തോലിക്ക സഭയും ആംഗ്ലിക്കൻ സഭയും തമ്മിൽ പുതിയ ചരിത്രം കുറിച്ച് മാർപാപ്പയും ബ്രിട്ടീഷ് രാജാവും

അ‍ഞ്ഞൂറ് വർഷത്തിനിടെ ആദ്യം; കത്തോലിക്ക സഭയും ആംഗ്ലിക്കൻ സഭയും തമ്മിൽ പുതിയ ചരിത്രം കുറിച്ച് മാർപാപ്പയും ബ്രിട്ടീഷ് രാജാവും

വത്തിക്കാൻ: കത്തോലിക്ക സഭയും ആംഗ്ലിക്കൻ സഭയും തമ്മിലുള്ള ബന്ധത്തിൽ പുതിയ അധ്യായം കുറിച്ച് ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവും ലിയോ 14-ാമൻ മാർപാപ്പയും പ്രത്യേക പദവികൾ പരസ്പരം സമ്മാനിച്ചു. 500 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മാർപാപ്പയും ബ്രിട്ടീഷ് രാജാവും തമ്മിൽ ഇത്തരത്തിലൊരു പദവി കൈമാറ്റം നടക്കുന്നത്.

വിൻഡ്‌സർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിലെ ‘പേപ്പൽ കോൺഫ്രേറ്റർ’ പദവിയാണ് ബ്രിട്ടീഷ് രാജാവ് ലിയോ 14-ാമൻ മാർപാപ്പയ്ക്ക് സമ്മാനിച്ചത്. കഴിഞ്ഞ വർഷം റോമിലെ ചരിത്രപ്രസിദ്ധമായ ‘സെന്റ് പോൾസ് ഔട്ട്സൈഡ് ദി വാൾസ്’ ബസിലിക്കയുടെ ‘റോയൽ കോൺഫ്രേറ്റർ’ പദവി ചാൾസ് രാജാവിന് മാർപാപ്പയും സമ്മാനിച്ചിരുന്നു.

ആഗോളതലത്തിൽ ധ്രുവീകരണങ്ങളും സംഘർഷങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ കത്തോലിക്കാ സഭയും ചർച്ച് ഓഫ് ഇംഗ്ലണ്ടും തമ്മിലുള്ള ക്രിസ്തീയ സാഹോദര്യത്തെ എടുത്തുകാണിക്കാനാണ് ഇരു നേതാക്കളും ശ്രമിക്കുന്നതെന്ന് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഇരു സഭകളും തമ്മിലുള്ള ആത്മീയ കൂട്ടായ്മയുടെയും എക്യുമെനിക്കൽ സൗഹൃദത്തിന്റെയും ദൃശ്യമായ പ്രകടനമാണ് ഈ കൈമാറ്റമെന്നും പത്രക്കുറിപ്പ് അടിവരയിടുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ചാൾസ് രാജാവും കാമില രാജ്ഞിയും വത്തിക്കാനിലേക്ക് ചരിത്രപരമായ ഔദ്യോഗിക സന്ദർശനം നടത്തിയത്. 500 വർഷത്തിനിടെ ആദ്യമായി ഒരു ബ്രിട്ടീഷ് രാജാവും മാർപാപ്പയും അന്ന് സിസ്‌റ്റൈൻ ചാപ്പലിൽ ഒരുമിച്ച് പ്രാർത്ഥിച്ചിരുന്നു.

ആ കൂടിക്കാഴ്ചയിൽ സെന്റ് പോൾസ് ബസിലിക്കയിൽ ചാൾസ് രാജാവിനായി പ്രത്യേക ഇരിപ്പിടം സ്ഥാപിച്ചതുപോലെ വിൻഡ്‌സറിലെ സെന്റ് ജോർജ് ചാപ്പലിലും മാർപാപ്പയ്ക്കായി ഉടൻ തന്നെ പ്രത്യേക ഇരിപ്പിടം ഒരുക്കും. ഇതോടൊപ്പം ചാൾസ് രാജാവിന് പാപ്പ സമ്മാനിച്ച ക്രിസ്തുവിന്റെ അപൂർവ മോസെയ്ക്ക് ചിത്രം ചാപ്പലിൽ പ്രതിഷ്ഠിക്കുകയും ചെയ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.