ലാഹോര്‍: പാകിസ്താനില്‍ സ്ത്രീകള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിനെതിരേ പ്രകോപനപരമായ പ്രസംഗം നടത്തിയ പുരോഹിതന് ജാമ്യം. മുഫ്തി സര്‍ദാര്‍ അലി ഹഖാനി എന്ന ഇസ്ലാം പുരോഹിതനാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചശേഷം ഇയാളെ നൂറുകണക്കിന് വിദ്യാര്‍ഥികളുടെ അകമ്പടിയോടെയാണ് വസീറാബാദിലെ മദ്രസയിലെത്തിച്ചത്.
നൗഷേറ ജില്ലയിലെ ഖൈബര്‍ പഖ്തുന്‍ഖ്വ മേഖലയിലാണ് സംഭവം. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെതിരേയും ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി വിവിധ വകുപ്പുകളിലായി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുമെതിരേയാണ് മുഫ്തി സര്‍ദാര്‍ അലി ഹഖാനിയുടെ പ്രകോപന പ്രസംഗം. വിവാദപ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തതെന്ന് ജില്ല പോലീസ് ഓഫീസര്‍ മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു.
വിദ്യാഭ്യാസം നേടുന്നതും ജോലി ചെയ്യുന്നതുമായ പെണ്‍കുട്ടികള്‍ക്കെതിരെ അവഹേളനപരമായ വാക്കുകള്‍ ഉപയോഗിച്ചതായി ഇയാള്‍ കോടതിയില്‍ സമ്മതിച്ചു. രണ്ട് ജാമ്യബോണ്ടുകളിലായാണ് കോടതി പുരോഹിതന് ജാമ്യം അനുവദിച്ചത്.
മുന്‍പും സ്ത്രീകള്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിന് പാകിസ്താനില്‍ ഇസ്ലാം പുരോഹിതര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ തെറ്റുകള്‍ കാരണമാണ് ലോകത്ത് കോവിഡ് പടര്‍ന്നു പിടിക്കുന്നതെന്ന് ഇസ്ലാം പുരോഹിതനായ മൗലാന താരിഖ് ജമീല്‍ അവകാശപ്പെട്ടിരുന്നു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സാന്നിധ്യത്തില്‍ തത്സമയ ടെലിവിഷന്‍ പരിപാടിക്കിടെയായിരുന്നു പ്രകോപന പരാമര്‍ശം. ഇതിനെതിരെ ഇമ്രാന്‍ ഖാന്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചില്ലെന്നതും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.