ഒരാഴ്ചയ്ക്കകം അമേരിക്കന്‍ സൈനികര്‍ അഫ്ഗാന്‍ വിടണമെന്ന് താലിബാന്‍: പ്രതിസന്ധി മുറുകുന്നു

ഒരാഴ്ചയ്ക്കകം അമേരിക്കന്‍ സൈനികര്‍ അഫ്ഗാന്‍  വിടണമെന്ന് താലിബാന്‍: പ്രതിസന്ധി മുറുകുന്നു

വാഷിംഗ്ടണ്‍: ഈ മാസം 31നകം അമേരിക്കന്‍ സൈനികര്‍ പൂര്‍ണമായി അഫ്ഗാന്‍ വിടണമെന്ന താലിബാന്റെ മുന്നറിയിപ്പ് പുതിയ പ്രതിസന്ധിയായി. താലിബാന്‍ ഭീകരരുടെ അന്ത്യ ശാസനം തള്ളേണ്ട സാഹചര്യമാണ് അമേരിക്കയുടെ മുന്നിലുള്ളത്. ഈ സമയത്തിനുള്ളില്‍ എല്ലാ യു എസ് പൗരന്മാരേയും ഒഴിപ്പിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍.മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരെ ഒഴിപ്പിക്കാനും കാബൂള്‍ വിമാനത്താവളത്തിലെ സംരക്ഷണവും മേല്‍നോട്ടവും വഹിക്കുന്നതും അമേരിക്കന്‍ സൈനികരാണ്.

പ്രതിസന്ധി മുറുകുന്നതിനിടെ ഇക്കാര്യത്തില്‍ പ്രസിഡന്റ് ജോ ബൈഡന്റെ അന്തിമ തീരുമാനം ഉടന്‍ പുറത്ത് വരും. തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് വേണ്ടി ഓഗസ്റ്റ് 31 വരെ അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ തുടരുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭീഷണിയുമായി താലിബാന്‍ രംഗത്തെത്തിയത്. നാട്ടിലെത്തണമെന്ന് ആഗ്രഹിക്കുന്ന എല്ലാ അമേരിക്കന്‍ പൗരന്മാരേയും നാട്ടിലെത്തിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു. ഇന്നലെ മാത്രം 10,900 ആളുകളെ സുരക്ഷിതമായി തിരിച്ചെത്തിച്ചെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

അതേസമയം ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി അടക്കമുള്ള ജി 7 രാജ്യങ്ങള്‍ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാനുള്ള തീയതി നീട്ടണമെന്ന നിലപാടിലാണ്. ഇന്നത്തെ ജി7 സമ്മേളനത്തില്‍ മറ്റ് രാജ്യങ്ങള്‍ ജോ ബൈഡനോട് ആശങ്ക അറിയിക്കും. താലിബാന്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുകയും മേഖലയില്‍ ഭീകരപ്രവര്‍ത്തകര്‍ക്കു താവളം ഒരുക്കുകയും ചെയ്യുകയാണെങ്കില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്നും സാമ്പത്തിക സഹായം നല്‍കുന്നത് നിര്‍ത്തിവയ്ക്കണമെന്നുമാണ് രാജ്യങ്ങള്‍ വ്യക്തമാക്കുന്നത്. ബൈഡന്‍ ഇതിനെ പിന്തുണച്ചിട്ടുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.