അംബര ചുംബികളില്‍ തട്ടി ചാകുന്നത് നൂറുകണക്കിന് രാപ്പാടികള്‍; കണ്ണീരൊഴുക്കി പക്ഷി സ്‌നേഹികള്‍

 അംബര ചുംബികളില്‍ തട്ടി ചാകുന്നത് നൂറുകണക്കിന് രാപ്പാടികള്‍; കണ്ണീരൊഴുക്കി പക്ഷി സ്‌നേഹികള്‍

ന്യൂയോര്‍ക്ക്: അംബര ചുംബികളായ കൂറ്റന്‍ മന്ദിരങ്ങളില്‍ തട്ടി പിടഞ്ഞു വീണ് ജീവന്‍ നഷ്ടമാകുന്ന നൂറു കണക്കിന് ദേശാടനപ്പക്ഷികളെച്ചൊല്ലി കണ്ണീരൊഴുക്കി പക്ഷി സ്‌നേഹികള്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ ടവറുകള്‍ അടക്കമുള്ള ന്യൂയോര്‍ക്ക് നഗരത്തിലെ ഗ്ലാസ് ടവറുകളില്‍ വന്നിടിച്ച ഇക്കഴിഞ്ഞ രണ്ടു ദിവസം മാത്രം മരണമടഞ്ഞത് 291 പക്ഷികളാണ്. നഗരത്തിലൂടെ പറക്കുന്ന രാപ്പാടികള്‍ക്ക് ഇങ്ങനെയൊരു ദാരുണാന്ത്യമുണ്ടാകുന്നതു തടയാനാകാത്തതിന്റെ വേദന പങ്കിടുന്നു സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ പേര്‍.

പക്ഷികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ ന്യൂയോര്‍ക്ക് സിറ്റി ഓഡബണിന്റെ സന്നദ്ധസേവകയായ മെലിസ ബ്രയറാണ് ചത്തുകിടക്കുന്ന പക്ഷികളുടെ ചിത്രങ്ങള്‍ ആദ്യം ട്വീറ്റ് ചെയ്തത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ടവറുകള്‍ക്ക് ചുറ്റുമുള്ള നടപ്പാതകളില്‍നിന്നാണ് മെലിസ ചത്തുകിടക്കുന്ന പക്ഷികളെ കണ്ടെത്തിയത്. പരിക്ക് പറ്റിയ 30 പക്ഷികളെ ഇവര്‍ അപ്പര്‍ വെസ്റ്റ് സൈഡിലുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.

മാന്‍ഹാട്ടനില്‍ കെട്ടിടങ്ങളില്‍ ഇടിച്ച് പക്ഷികള്‍ ചാവുന്നത് വര്‍ഷങ്ങളായുള്ള പ്രശ്നമാണ്. എന്നാല്‍, ഈ ആഴ്ച നടന്ന അപകടത്തില്‍ മരിച്ച പക്ഷികളുടെ എണ്ണമാണ് ഞെട്ടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ വീശിയ കാറ്റായിരിക്കാം പക്ഷികളുടെ കൂട്ടമരണത്തിനിടയാക്കിയതെന്നാണ് ഓഡബണ്‍ പറയുന്നത്. 'കൊടുങ്കാറ്റ് കാരണം പക്ഷികള്‍ക്ക് ഉയര്‍ന്ന് പറക്കാന്‍ കഴിഞ്ഞിരിക്കില്ല. അല്ലെങ്കില്‍ അവ കാറ്റില്‍ വഴിതെറ്റിയിരിക്കാം. കൂടാതെ, രാത്രികാലത്തെ കൃത്രിമ വെളിച്ചവും അവയെ വഴിതെറ്റിച്ചേക്കാം, പ്രത്യേകിച്ച് മേഘാവൃതമായ രാത്രികളില്‍.'- ഓഡബണ്‍ ഗ്രൂപ്പിന്റെ അസോസിയേറ്റ് ഡയറക്ടര്‍ പാര്‍ക്കിന്‍സ് പറഞ്ഞു.

ഓരോ വര്‍ഷവും ന്യൂയോര്‍ക്കില്‍ 90,000 തൊട്ട് 2,30,000 വരെ പക്ഷികളാണ് കെട്ടിടങ്ങളുടെ ഗ്ലാസുകളില്‍ ഇടിച്ച് മരിക്കുന്നത്. പക്ഷികളുടെ ദേശാടന കാലയളവില്‍ മരണനിരക്ക് ഉയരും. അതുകൊണ്ട് തന്നെ ഈ കാലയളവില്‍ ആവശ്യമില്ലാത്ത ലൈറ്റുകളുടെ തീവ്രത കുറയ്ക്കണമെന്ന് വനപാലകര്‍ ആവശ്യപ്പെടാറുണ്ട്. വലിയ കെട്ടിടങ്ങളുടെ ഉടമകളോട് രാത്രിയില്‍ മങ്ങിയ പ്രകാശം മാത്രം ഉപയോഗിക്കാനും ഗ്ലാസ് കൂടുതല്‍ ദൃശ്യമാകുന്ന തരത്തില്‍ മാറ്റാനും ഓഡബണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പക്ഷികള്‍ ഇടിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുമെന്ന് ലോകവ്യാപാരകേന്ദ്രം അധികൃതരും അറിയിച്ചു. രാത്രി വെളിച്ചം അണയ്ക്കാനും പരമാവധി വെളിച്ചം കുറയ്ക്കാനും ആവശ്യപ്പെട്ടതായി അവര്‍ വ്യക്തമാക്കി.

'ഞങ്ങളുടെ ശ്രദ്ധ പതിയേണ്ട പ്രധാനപ്പെട്ട വിഷയമാണിത്. ദേശാടനപ്പക്ഷികളെ കുറിച്ചും അവരുടെ ആവാസ വ്യവസ്ഥയെ കുറിച്ചും ഉത്കണ്ഠയുണ്ട്. രാത്രി സമയത്തെ കൃത്രിമ വെളിച്ചമാണ് പക്ഷികളെ ആകര്‍ഷിക്കുന്നത്. ഇതാണ് ദുരന്തത്തിന് കാരണമാകുന്നതും. ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തും' - ട്വിറ്ററില്‍ നല്‍കിയ വിശദീകരണത്തില്‍ അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.