ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് പാലത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്ത്യന്‍ റെയില്‍വെ. രാമേശ്വരത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് പാലമായ പാമ്പന്‍ പാലത്തിന്റെ മധ്യഭാഗം പൂര്‍ണമായും ഉയര്‍ത്തിക്കൊണ്ടാണ് കപ്പലുകള്‍ക്ക് കടന്നുപോകുന്നതിനുള്ള വഴിയൊരുക്കുന്നത്.
രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ പാലത്തിന്റെ മധ്യഭാഗം ഉയര്‍ത്താന്‍ പറ്റുന്ന രീതിയിലുള്ള പാലം നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
104 വര്‍ഷം പഴക്കമുള്ള പാമ്പന്‍ പാലത്തിന് പകരമായിട്ടാണ് 250 കോടി രൂപ ചെലവിട്ട് പുതിയ പാലം നിര്‍മിക്കുന്നത്. 2.05 കിലോമീറ്ററില്‍ ഇരട്ടപ്പാതയായിട്ടാണ് പാലം. പുതിയ പാലത്തിന് 101 പില്ലറുകളാണുള്ളത്. നിലവിലെ പാലത്തിനേക്കാള്‍ മൂന്ന് മീറ്റര്‍ അധികം ഉയരമുള്ളതാണ് പുതിയ പാലത്തിന്റെ പില്ലറുകള്‍. അതിനാല്‍ തന്നെ ബോട്ട് ഗതാഗതം സുഗമമാക്കുന്ന രീതിയിലാണ് നിര്‍മാണം.
കപ്പലുകള്‍ക്ക് കടന്നുപോകുന്നതിനായി 63 മീറ്റര്‍ നാവിഗേഷണല്‍ സ്പാന്‍ പുതിയ പാലത്തിനുള്ളപ്പോള്‍ പഴയ പാലത്തിന് ഇത് 22 മീറ്റര്‍ മാത്രമേയുള്ളൂ. പാലത്തിന്റെ 63 മീറ്റര്‍ ഭാഗമാണ് ചെറിയ കപ്പലുകള്‍ക്ക് വഴിയൊരുക്കാനായി ഉയര്‍ത്താന്‍ സാധിക്കുന്നത്. നിലവിലെ പാലത്തിലെ ലിഫ്റ്റ് സാങ്കേതിക വിദ്യയിലൂടെ തിരശ്ചീനമായി പാലം മാറി കപ്പലുകള്‍ കടന്നുപോയിരുന്നെങ്കില്‍ പുതിയ പാലത്തില്‍ ഇത് ലംബമായി കുത്തനേ മുകളിലേക്കാണ് നീങ്ങുക. പാലത്തിന്റെ ഇരുവശങ്ങളിലേയും സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുക.
1914ല്‍ പ്രവര്‍ത്തനസജ്ജമായ പഴയ പാമ്പന്‍പാലം രാജ്യത്തെ ആദ്യത്തെ കടല്‍പ്പാലമാണ്. മൂന്ന് വര്‍ഷം കൊണ്ടായിരുന്നു പഴയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. 2010ല്‍ ബാന്ദ്ര-വര്‍ളി പാലം പൂര്‍ത്തിയാകുന്നത് വരെ ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പാലവും ഇതായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.