ലഖിംപുർ സംഭവം: കേന്ദ്ര മന്ത്രിയെ പുറത്താക്കണം; രാഷ്ട്രപതിയെ കണ്ട് കോൺഗ്രസ്‌ സംഘം

ലഖിംപുർ സംഭവം:  കേന്ദ്ര മന്ത്രിയെ പുറത്താക്കണം; രാഷ്ട്രപതിയെ കണ്ട് കോൺഗ്രസ്‌ സംഘം

ന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ സന്ദർശിച്ച രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ സംഘം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കാൻ ഇടപെടണമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദിനോട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ സംഘം ആവശ്യപ്പെട്ടു. സുപ്രീം കോടതി മേൽനോട്ടത്തിൽ രണ്ടംഗ ജഡ്ജിമാർ കേസ് അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം കൈമാറി. സാധാരണക്കാർക്ക് നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ അജയ് മിശ്രയുടെ രാജി അനിവാര്യമെന്ന് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

ലഖിംപുരിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ആശിഷ് മിശ്ര അറസ്റ്റിലായ സാഹചര്യത്തിൽ പിതാവ് അജയ് മിശ്ര കേന്ദ്രമന്ത്രി സഭയിൽ തുടരുന്നത് അനുവദിക്കില്ലെന്ന നിലപാട് കടുപ്പിക്കുകയാണ് കോൺഗ്രസ്‌. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ലഖിംപുരിൽ നടന്ന കാര്യങ്ങൾ രാഷ്‌ട്രപതി റാം നാഥ് കോവിന്ദിനോട് വിശദീകരിച്ചു. മുതിർന്ന നേതാക്കളായ എകെ ആന്റണി, ഗുലാം നബി ആസാദ്, മല്ലികാർജുൻ ഗാർഖേ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.