ന്യൂനമര്‍ദം ദുര്‍ബലമാകുന്നു; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത

ന്യൂനമര്‍ദം ദുര്‍ബലമാകുന്നു; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മിന്നലോടു കൂടിയ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരള തീരത്തുള്ള ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞുവരികയാണെന്നത് ആശ്വാസം പകരുന്നുണ്ട്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ട്. 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. അതീവ ജാഗ്രത വേണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ വേണം.

ദുരിതം ഏറെ ബാധിച്ച കോട്ടയം ജില്ലയില്‍ ഇന്ന് മഴയ്ക്ക് കുറവുണ്ട്. മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് താഴ്ന്നു വരുന്നുണ്ട്. കോട്ടയം ജില്ലയില്‍ 33 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ 19, മീനച്ചില്‍ താലൂക്കില്‍ 13 ക്യാമ്പുകള്‍ തുറന്നു. ജില്ലയില്‍ വൈദ്യുതി വിതരണം താറുമാറായ അവസ്ഥയിലാണ്. ആലപ്പുഴയില്‍ പന്ത്രണ്ടും പത്തനംതിട്ടയില്‍ പതിനഞ്ചും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

തിരുവനന്തപുരത്തിന്റെ കിഴക്കന്‍ മേഖലയില്‍ മഴ തുടരുന്നുണ്ട്. നഗരത്തില്‍ ഇടവിട്ടാണ് മഴ പെയ്യുന്നത്. കോഴിക്കോട് മഴയുടെ ശക്തി കുറഞ്ഞു. താമരശ്ശേരി ചുരത്തിലെ ഗതാഗത തടസം പരിഹരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.