ബഹിരാകാശത്തെ സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയായി; റഷ്യന്‍ സംഘം തിരിച്ചെത്തി

ബഹിരാകാശത്തെ സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയായി; റഷ്യന്‍ സംഘം തിരിച്ചെത്തി

മോസ്‌കോ: ബഹിരാകാശത്തെ സിനിമ ചിത്രീകരണത്തിനു ശേഷം റഷ്യന്‍ സംഘം ഭൂമിയില്‍ തിരിച്ചെത്തി. ഞായറാഴ്ച രാവിലെയാണ് ഇവര്‍ 12 ദിവസത്തെ ഷൂട്ടിങ്ങിനു ശേഷം ഭൂമിയിലെത്തിയത്.

ചലഞ്ച് എന്ന സിനിമയുടെ ചിത്രീകരണത്തിനായി നടി യൂലിയ പെരെസില്‍ഡും സംവിധായകന്‍ ക്ലിം ഷിപെന്‍കോയുമാണ് ബഹിരാകാശ യാത്ര നടത്തിയത്. റഷ്യന്‍ സോയുസ് സ്‌പേസ് ക്രാഫ്റ്റിലാണ് കസാഖിസ്ഥാനിലെ റഷ്യന്‍ സ്‌പേസ് സെന്ററില്‍നിന്ന് സംഘം ഈ മാസം ആദ്യം പുറപ്പെട്ടത്. ബഹിരാകാശ യാത്രികനായ ആന്റണ്‍ ഷ്‌കാപ്ലെറോവും ഒപ്പമുണ്ടായിരുന്നു. പാരച്യൂട്ട് വഴി കസാക്കിസ്ഥാനിലെ പുല്‍മൈതാനിയിലക്കാണ് സോയൂസ് കാപ്‌സ്യൂള്‍ ഇറങ്ങിയത്.

ഹൃദയസംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവന്‍ രക്ഷിക്കാനായി പുറപ്പെടുന്ന ഡോക്ടറുടെ കഥയാണ് സിനിമ പറയുന്നത്. ചാനല്‍ വണ്‍ നിര്‍മാണ കമ്പനിയും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

ആദ്യമായാണ് ബഹിരാകാശത്ത് ഒരു സിനിമ ചിത്രീകരണം. നേരത്തേ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി ചേര്‍ന്ന് ടോം ക്രൂസിനെ നായകനാക്കി ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കാന്‍ നാസ ശ്രമിച്ചിരുന്നെങ്കിലും യാഥാര്‍ഥ്യമായിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.