തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി അനിത പുല്ലയിലിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വീഡിയോ കോള്‍ വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. അനിതയുടെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോന്‍സന്റെ പല ഇടപാടും അനിത അറിഞ്ഞുകൊണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി.
മോന്‍സണ്‍ മാവുങ്കലിനെ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയത് താന്‍ ആണെന്ന് അനിത പുല്ലയില്‍ മുന്‍പ് പറഞ്ഞിരുന്നു. കൂടാതെ മോന്‍സന്റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് സുഹൃത്തായ അനിത പുല്ലയിലിന് എല്ലാം അറിയാമായിരുന്നുവെന്ന് മുന്‍ ഡ്രൈവര്‍ അജി വെളിപ്പെടുത്തിയിരുന്നു. മോന്‍സന്റെ മ്യൂസിയം അനിത ഓഫീസ് ആയി ഉപയോഗിച്ചതായും വിദേശ മലയാളികളായ ഉന്നതരെ മോന്‍സന് പരിചയപ്പെടുത്തിയത് അനിതയാണെന്നും അജി മൊഴി നല്‍കിയിട്ടുണ്ട്.
2019 മെയ്മാസം അനിത പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ക്കൊപ്പം മോന്‍സന്റെ വീട്ടില്‍ എത്തിയിരുന്നു. ഒരാഴ്ച കലൂരിലെ വീട്ടില്‍ താമസിച്ച അനിതയോട് അന്നത്തെ മാനേജര്‍ തട്ടിപ്പിനെക്കുറിച്ച് എല്ലാം പറഞ്ഞതായാണ് അജി വെളിപ്പെടുത്തുന്നത്. എന്നാല്‍ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിട്ടും അനിത പുല്ലയില്‍ ഇതുവരെ എവിടെയും പരാതി നല്‍കിയിട്ടില്ല.
മോന്‍സന്റെ തട്ടിപ്പ് മനസിലായിട്ടും അനിത സൗഹൃദം തുടരുകയായിരുന്നു. ഈ കാലയളവിലാണ് അനിത മുന്‍ ഡിജിപിയെ മ്യൂസിയത്തിന്റെ കാര്യം പറഞ്ഞ് കലൂരിലെ സന്ദര്‍ശനത്തിന് ക്ഷണിച്ചത്. ഇടുക്കിയിലെ രാജകുമാരി എസ്റ്റേറ്റില്‍ മോന്‍സന്റെ പിറന്നാള്‍ ആഘോഷത്തില്‍ അനിത സജീവമായിരുന്നു. മോന്‍സനുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷം മോന്‍സന്റെ അടുത്ത സുഹൃത്തായ ഐജി ലക്ഷ്മണയുമായി അനിത നടത്തിയ ചാറ്റും പുറത്ത് വന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.