ന്യുഡല്‍ഹി: രാജ്യത്ത് കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കണമെന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി. പട്ടിണിയും പോഷകാഹാരക്കുറവും നേരിടുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുന്നത്. പദ്ധതി രൂപീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജിയാണ് സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കുന്നത്. ഒക്ടോബര്‍ 27ന് ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
രാജ്യത്തെ കോവിഡ് സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ പ്രശ്‌നം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
പദ്ധതി രൂപീകരിക്കാന്‍ ആവശ്യപ്പെട്ട പൊതു താല്‍പര്യ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17ന് സുപ്രീം കോടതി ആറ് സംസ്ഥാനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം പിഴ ചുമത്തിയിരുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒഡീഷ, ഗോവ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കാണ് പിഴ ശിക്ഷ ലഭിച്ചത്.
അഞ്ച് വയസിന് താഴെയുള്ള 69 ശതമാനം കുട്ടികള്‍ക്കും പോഷകാഹാരക്കുറവ് മൂലം ജീവന്‍ നഷ്ടപ്പെടുവെന്നും കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. നേരത്തെ പട്ടിണി നേരിടാന്‍ രാജ്യത്തിന് ഇത്തരത്തിലുള്ള ഒരു സംവിധാനം ആവശ്യമാണെന്ന് പറഞ്ഞുകൊണ്ട് സുപ്രീം കോടതി 2019 ഒക്ടോബര്‍ 18ന് കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുന്നതിനെ അനുകൂലിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.