പാലക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്നാട്ടിലേയ്ക്ക്. കോയമ്പത്തൂരിലെ എസ്ഡിപിഐ ശക്തി കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത് കോയമ്പത്തൂരില്‍ നിന്നുള്ള എസ്ഡിപിഐ സംഘമാണോ എന്നും പൊലീസ് പരിശോധിക്കും.
സംഭവത്തിന് പിന്നാലെ പ്രദേശത്തെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. അക്രമിസംഘം സഞ്ചരിച്ചതെന്നു കരുതുന്ന വെളുത്ത കാര്‍ രാവിലെ 6.30 ഓടെ പെരുവമ്പ് എന്ന് സ്ഥലത്ത് എത്തുകയും ഏഴുമണിയോടെ മമ്പറത്തിന് സമീപം ഉപ്പുമ്പാടം എന്ന സ്ഥലത്തും എത്തി. അവിടെ ഒന്നര മണിക്കൂറോളം സഞ്ജിത്തിനെ കാത്തുനിന്നു. 8.30 ഓടെയാണ് അക്രമി സംഘം മമ്പറത്തേക്ക് എത്തുന്നതും സഞ്ജിത്തിനെ കൊലപ്പെടുത്തുന്നതും.
ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂരില്‍ നിന്നുള്ള സംഘമാകാം എന്നാണ് വിലയിരുത്തല്‍. തൃശൂര്‍ ഭാഗത്തേക്ക് പോയി ആയുധം ഉപേക്ഷിച്ച ശേഷം കോയമ്പത്തൂരിലേക്ക് കടന്നതാകാം എന്നാണ് പൊലീസ് വിലയിരുത്തല്‍. ആയുധങ്ങള്‍ കിട്ടിയെങ്കിലും പ്രതികളിലേക്കോ കാറിന്റെ വിവരങ്ങളിലേക്കോ ഇതുവരെ എത്താന്‍ കഴിഞ്ഞിട്ടില്ല.
പാലക്കാട്-തൃശ്ശൂര്‍ ദേശീയപാതയില്‍ കണ്ണനൂരില്‍ നിന്ന് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ നാല് വാളുകളാണ് കണ്ടെടുത്തത്. കണ്ണനൂരില്‍ നിന്ന് കുഴല്‍മന്ദം ഭാഗത്തേക്കുള്ള സര്‍വീസ് റോഡിലെ കലുങ്കിന് താഴെ ചാക്കില്‍ കെട്ടി വലിച്ചെറിഞ്ഞ നിലയിലായിരുന്നു വാളുകള്‍. സര്‍വീസ് റോഡില്‍ നെല്ലുണക്കാനിട്ട നാട്ടുകാരിലൊരാളാണ് ചാക്ക് കണ്ടത്. കണ്ടെടുത്ത വാളുകളില്‍ രക്തപ്പാടുകളുണ്ട്. വാളുകള്‍ കണ്ടെത്തിയ സ്ഥലത്തും വെളുത്ത കാറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് ആര്‍.എസ്.എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ മമ്പറത്ത് ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.