തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തമിഴ്‌നാടിന് മുകളിലായുള്ള ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. എവിടെയും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടില്ലെങ്കിലും ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. മലയോര മേഖലകളിലും വനമേഖലകളിലും കൂടുതല്‍ മഴ കിട്ടും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിക്ക് മുകളിലെത്തിയതോടെ ഒരു ഷട്ടര്‍കൂടി ആറ് മണിക്ക് ഉയര്‍ത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയര്‍ന്നു. 2399.82 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ശബരിമല തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തീര്‍ത്ഥാടകര്‍ക്ക് ഇന്ന് നിയന്ത്രണമുണ്ട്.
അതേസമയം തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈ തീരത്തിനടുത്തായി നിലകൊള്ളുന്ന തീവ്ര ന്യൂനമര്‍ദ്ദമാണ് മഴ ശക്തമാകാന്‍ കാരണം. വരും മണിക്കൂറുകളില്‍ മഴയുടെ ശക്തി കൂടാനാണ് സാധ്യത. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.