വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ഗവര്‍ണര്‍; അനുരഞ്ജനത്തിന്റെ വഴി തേടി സംസ്ഥാന സര്‍ക്കാര്‍

വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ഗവര്‍ണര്‍; അനുരഞ്ജനത്തിന്റെ വഴി തേടി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെ തിരുത്തല്‍ നടപടികളെക്കുറിച്ച് ആലോചിച്ച് സംസ്ഥാന സര്‍ക്കാര്‍. സര്‍വകലാശാലാ കാര്യങ്ങളില്‍ സര്‍ക്കാര്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന കര്‍ശന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ച് നിന്നതോടെയാണ് സര്‍ക്കാര്‍ അയഞ്ഞു തുടങ്ങിയത്. ഗവര്‍ണര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഓരോന്നിനും പരിഹാര നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

ഡല്‍ഹിയിലുള്ള ഗവര്‍ണറെക്കണ്ട് അനുരഞ്ജനത്തിനായി സര്‍ക്കാര്‍ കാര്യങ്ങള്‍ നോക്കുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. അദ്ദേഹം ഗവര്‍ണറുമായി ബന്ധപ്പെട്ടുവരുന്നു. പതിനേഴിനെ ഗവര്‍ണര്‍ തിരിച്ചെത്തൂ. സര്‍വകലാശാലാ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കാതെ ചാന്‍സലര്‍ പദവി വഹിക്കാനാകില്ലെന്ന് ശനിയാഴ്ച ഡല്‍ഹിയിലെത്തിയ ഗവര്‍ണര്‍ ആവര്‍ത്തിച്ചു. അല്ലാത്തപക്ഷം മുഖ്യമന്ത്രി തന്നെ ചാന്‍സലര്‍ പദവി ഏറ്റെടുത്തോളൂ എന്ന നിലപാടിനും മാറ്റമില്ലായിരുന്നു.

ഗവര്‍ണറുമായി ഏറ്റുമുട്ടല്‍ വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാരും സി.പി.എമ്മും. വിമര്‍ശനങ്ങള്‍ക്ക് നേരിട്ട് മറുപടി പറയാന്‍ നേതൃത്വം തയ്യാറല്ല. പകരം ഗവര്‍ണര്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്ന തരത്തില്‍ മറുപടി പറഞ്ഞ് പ്രകോപിപ്പിക്കാതിരിക്കാനാണ് ശ്രമം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.