മാപ്പപേക്ഷ പോരെന്ന് പെണ്‍കുട്ടി: നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി; പിങ്ക് പോലീസ് കേസില്‍ വിധി തിങ്കളാഴ്ച

മാപ്പപേക്ഷ പോരെന്ന് പെണ്‍കുട്ടി: നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി; പിങ്ക് പോലീസ് കേസില്‍ വിധി തിങ്കളാഴ്ച

കൊച്ചി: ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ എട്ടു വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടി എടുക്കാത്തതില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി.

സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി എടുക്കാന്‍ വൈകുന്നതു എന്തുകൊണ്ടാണെന്നും സർക്കാറിനോട് കോടതി ചോദിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് ഇനി തിങ്കളാഴ്ചയായിരിക്കും പരിഗണിക്കുക. കുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കുവാന്‍ ആവുമോ എന്നുള്ളത് അന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കണം.

അതേസമയം പൊലീസ് ഉദ്യോഗസ്ഥയായ രജിതയുടെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് കുട്ടിയുടെ അഭിഭാഷക കോടതിയില്‍ അറിയിച്ചു. പൊലീസുകാരിയുടേത് നിരുപാധിക മാപ്പപേക്ഷയല്ലെയെന്നും അംഗീകരിച്ചുകൂടെയന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. എന്നാല്‍ കുട്ടി വലിയതോതിലുള്ള മാനസിക സംഘര്‍ഷം അനുഭവച്ചിട്ടുണ്ടെന്നും അധികൃതരില്‍ നിന്ന് നീതികിട്ടിയില്ലെന്നും അതിനാല്‍ മാപ്പ് അപേക്ഷ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കുട്ടിയുടെ അഭിഭാഷക വ്യക്തമാക്കി.

നേരത്തെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കും വിധം റിപ്പോര്‍ട്ട് നല്‍കിയ ഡിജിപിയെ കോടതി വിമര്‍ശിച്ചിരുന്നു. കാക്കി കാക്കിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പല കേസുകളിലും ഇത് കാണുന്നുണ്ട്. യൂണിഫോമിട്ടാല്‍ എന്തും ചെയ്യാം എന്നാണോ എന്നും കേസ് പരിഗണിച്ച വേളയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

തന്റെ പെരുമാറ്റം കൊണ്ട് മാനഹാനിയും ബുദ്ധിമുട്ടും ഉണ്ടായ പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നതായി കാണിച്ച്‌ പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ മാപ്പപേക്ഷ നല്‍കിയിരുന്നു. മാപ്പപേക്ഷ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരൂമാനിക്കുന്നത് കുട്ടിയുടെ കുടുംബമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

കാക്കി കാക്കിയെ രക്ഷിക്കാന്‍ വ്യഗ്രത കാണിക്കുന്നതാണ് പൊലീസ് ഉദ്യോഗസ്ഥയെ വെള്ളപൂശി കൊണ്ടുള്ള റിപ്പോര്‍ട്ടെന്ന് കോടതി വിമര്‍ശിച്ചു. കുട്ടിയെ പരിശോധിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എന്താണ് അവകാശം?, യൂണിഫോമിട്ടാല്‍ എന്തും ചെയ്യാം എന്നാണോ? ആള്‍ക്കൂട്ടത്തെ കണ്ടപ്പോഴാണ് കുട്ടി കരഞ്ഞത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാൽ വീഡിയോ കണ്ടാല്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്ന് വ്യക്തമാകും. എന്തുകൊണ്ട് കുട്ടിയുടെ വിഷയത്തില്‍ ബാലാവകാശ നിയമം പ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്ന് പറയുന്നത് എന്നും കോടതി ചോദിച്ചു. കുട്ടിക്ക് ഉണ്ടായ മാനഹാനി പരിഹരിക്കാന്‍ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.