മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയുടെ ഇന്ത്യന്‍ മേധാവി സഞ്ജയ് ഭാര്‍ഗവ പൊടുന്നനെ രാജിവച്ചു

മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയുടെ ഇന്ത്യന്‍ മേധാവി സഞ്ജയ് ഭാര്‍ഗവ പൊടുന്നനെ രാജിവച്ചു

മുംബൈ: ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ തലവന്‍ സഞ്ജയ് ഭാര്‍ഗവ രാജിവച്ചു.സ്റ്റാര്‍ലിങ്ക് ലൈസന്‍സ് പ്രശ്നത്തെ തുടര്‍ന്നാണ് സഞ്ജയ് ഭാര്‍ഗവ രാജിവെച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണമാണെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം. ഇന്ത്യയില്‍ പ്രീ-ബുക്കിംഗ് പേയ്മെന്റുകള്‍ റീഫണ്ട് ചെയ്യാന്‍ തുടങ്ങിയതായി അടുത്തിടെ സ്റ്റാര്‍ലിങ്ക് അറിയിച്ചിരുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സഞ്ജയ് ഭാര്‍ഗവ സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ മേധാവിയായത്. സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ഒരുപാട് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ആവശ്യമായ ലൈസന്‍സ് നേടാതെയാണ് കമ്പനി ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചതെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

വ്യക്തിപരമായ കാരണങ്ങളാല്‍ കണ്‍ട്രി ഡയറക്ടര്‍ സ്ഥാനവും സ്റ്റാര്‍ലിങ്ക് ഇന്ത്യയുടെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനവും രാജിവെക്കുകയാണെന്ന് സഞ്ജയ് ഭാര്‍ഗവ ലിങ്കിഡ് ഇന്‍ പോസ്റ്റില്‍ എഴുതി്. ഡിസംബര്‍ 31 ആയിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിവസം. താന്‍ ആരെക്കുറിച്ചും അഭിപ്രായം പറയില്ലെന്നും അതിനാല്‍ തന്റെ സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം പറയുന്നു. സര്‍ക്കാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് അനന്തമായ കോണ്‍ഫറന്‍സുകളില്‍ വെറുതെ സമയം കളയേണ്ടിവരികയായിരുന്നുവെന്ന് ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.

പേപാലിന്റെ സ്ഥാപക ജീവനക്കാരനായിരുന്നു സഞ്ജയ് ഭാര്‍ഗവ. ഒക്ടോബര്‍ 1-ന് സ്റ്റാര്‍ലിങ്ക് കമ്പനിയുടെ കണ്‍ട്രി ഡയറക്ടറായി. രാജ്യത്തെ ഏറ്റവും മികച്ച സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം നല്‍കാനുള്ള അനുമതി എടുത്തിട്ടില്ലാത്തതിനാല്‍ സ്റ്റാര്‍ലിങ്കിന്റെ പ്ലാന്‍ പൊതുജനങ്ങള്‍ സബ്സ്‌ക്രൈബ് ചെയ്യരുതെന്ന് ടെലികോം വകുപ്പ് അറിയിച്ചിരുന്നു. നിയമം പാലിക്കാത്തതിനാല്‍ ബുക്കിംഗ് നിരോധിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.