പത്തനംതിട്ട: പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 127-ാമത് മഹായോഗം 2022 ഫെബ്രുവരി 13 മുതല്‍ 20 വരെ മാരാമണ്‍ മണല്‍പ്പുറത്ത് നടക്കും. ജനുവരി അഞ്ചിന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ പന്തലിന് കാല്‍നാട്ടി. ഫെബ്രുവരി 13-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്താ അധ്യക്ഷത വഹിക്കും.
മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവാ, ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവാ, ബിഷപ്പ് ദിലോരാജ് ആര്‍. കനകസാബെ-ശ്രീലങ്ക (ആംഗ്ലിക്കന്‍ ബിഷപ്പ്, കൊളംബോ), റവ.ഡോ.ജോണ്‍ സാമുവേല്‍ പൊന്നുസാമി-ചെന്നൈ (ഗുരുകുല്‍ സെമിനാരി അധ്യാപകന്‍), റവ.അസിര്‍ എബനേസര്‍- (നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി), മാര്‍ ഔഗേന്‍ കുര്യാക്കോസ് മെത്രാപ്പൊലീത്താ, ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാന്‍, കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്താ എന്നിവര്‍ ഈ വര്‍ഷത്തെ മുഖ്യ പ്രസംഗകരാണ്.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശപ്രകാരം ഫെബ്രുവരി മൂന്നാം വാരം നിലവിലിരിക്കുന്ന കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്. ഓരോ യോഗത്തിലും പങ്കെടുക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണം വളരെ പരിമിതമാകയാല്‍ വിശ്വാസ സമൂഹം ടിവി, സോഷ്യല്‍ മീഡിയ എന്നിവയിലൂടെയുള്ള ലൈവ് ടെലികാസ്റ്റിംഗ് പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് നിര്‍ദേശം. സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിക്കുന്ന സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഇരിപ്പിട ക്രമീകരണമാണ് പന്തലിനുള്ളില്‍ ഉണ്ടാകുക.
കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കണ്‍വന്‍ഷന്‍ ക്രമീകരിക്കുന്നതിനായി പ്രത്യേക കമ്മറ്റിയ്ക്ക് രൂപം കൊടുത്തു. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10.00 നും, വൈകിട്ട് 5.00 നും നടക്കുന്ന പൊതു യോഗങ്ങള്‍ക്കു പുറമെ രാവിലെ 7.30 മുതല്‍ 8.30 വരെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി സംയുക്ത ബൈബിള്‍ ക്ലാസുകളും നടക്കും.
കുട്ടികള്‍ക്കായുള്ള ബൈബിള്‍ ക്ലാസുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 7.30 ഓണ്‍ലൈനായി നടത്തും. 17-ാം തീയതി ബുധനാഴ്ച രാവിലെ 10.00ന് എക്യുമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലധ്യക്ഷന്മാര്‍ പെങ്കടുക്കും. യുവജനങ്ങള്‍ക്കായുള്ള യുവവേദി യോഗങ്ങള്‍ വ്യാഴം മുതല്‍ ശനി വരെ 3.30 ന് ക്രമീകരിച്ചിട്ടുണ്ട്.
പൂര്‍ണസമയ സുവിശേഷ വേലയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള 12 വയസിന് മുകളില്‍ പ്രായമുള്ളവരുടെ പ്രതിഷ്ഠാ ശുശ്രൂഷ കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ ശനിയാഴ്ച രാവിലെ 7.30ന് നടക്കും. അഭിവന്ദ്യ തിരുമേനിമാര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.
ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട മാരാമണ്‍ കണ്‍വന്‍ഷന്‍ മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് ക്രമീകരിക്കുന്നത്. 1888ല്‍ സമാരംഭിച്ച മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ മിഷനറി പ്രസ്ഥാനമാണ്. ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായും സംഘം പ്രസിഡന്റ് ഡോ.യൂയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പയുമാണ് കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.