ദുഷ്ടബുദ്ധിയായ ദിലീപിന്റെ ചരിത്രവും പരിശോധിക്കണം: പ്രോസിക്യൂഷന്‍
ഡിജിപി പൊലീസിന്റെ കോളാമ്പിയാകരുത്: പ്രതിഭാഗം അഭിഭാഷകന്‍
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച രാവിലെ 10.15 ന് ഹൈക്കോടതി വിധി പറയും. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ ജാമ്യാപേക്ഷയിലാണ് തിങ്കളാഴ്ച ഉത്തരവുണ്ടാവുക.
ഇന്ന് ഉച്ചയ്ക്ക് 1.45 ന് ആരംഭിച്ച പ്രോസിക്യൂഷന്‍ വാദം വൈകുന്നേരം 4.15 നാണ് അവസാനിച്ചത്. പ്രതിഭാഗത്തിന്റെ വാദം വ്യാഴാഴ്ച കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്നു നടന്ന പ്രോസിക്യൂഷന്‍ വാദത്തില്‍ പുതുതായി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തങ്ങള്‍ക്കുള്ള മറുപടി എഴുതി നല്‍കാന്‍ സമയം വേണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള കോടതിയില്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം മറുപടി എഴുതി നല്‍കാന്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി വരെ കോടതി സമയം അനുവദിച്ചു. ഇതുകൂടി പരിശോധിച്ച ശേഷമാകും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയുക.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ദിലീപ് പറഞ്ഞത് വെറും ശാപവാക്കുകള്‍ ആണെന്ന വാദം നിലനില്‍ക്കില്ലെന്ന് ഇന്ന് നടന്ന വാദത്തില്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അത് അങ്ങനെയല്ലെന്നു ബാലചന്ദ്ര കുമാറിന്റെ മൊഴിയില്‍നിന്നു വ്യക്തമാണ്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താനുള്ള ധാരണ ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ബലചന്ദ്ര കുമാറിന്റെ മൊഴിയില്‍ ചെറിയ വൈരുധ്യങ്ങളുണ്ട്. ആരും പഠിപ്പിച്ചുവിട്ട സാക്ഷിയല്ല ബാലചന്ദ്രകുമാര്‍ എന്നത് അതില്‍നിന്നു വ്യക്തമാണ്. പ്രഥമ വിവര റിപ്പോര്‍ട്ട് കുറ്റകൃത്യത്തെക്കുറിച്ചുള്ള എന്‍സൈക്ലോപിഡിയ അല്ല. അതില്‍ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്താനാവില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണ്. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഒരു ഗ്രൂപ്പിലിട്ടു തട്ടിയേക്കണം എന്ന് ഓഡിയോയില്‍ ദിലീപ് പറയുന്നുണ്ട്. മറ്റൊന്നില്‍ ഉദ്യോഗസ്ഥരെ കത്തിക്കണം എന്നു പറയുന്നു. വെറുതെ പറയുകയല്ല, ഏതു രീതിയില്‍ കൊല്ലണം എന്നുവരെ ആലോചന നടന്നെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ജനുവരി വരെ ഉപയോഗിച്ചിരുന്ന ഫോണുകള്‍ പ്രതികള്‍ കൂട്ടമായി മാറ്റിയത് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതിനെ സാഹചര്യ തെളിവായി പരിഗണിക്കണം.
സഹ പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തയാളാണ് ദിലീപ് എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രതിയുടെ ചരിത്രവും പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമം തയാറാക്കിയവര്‍ പോലും ചിന്തിക്കാത്ത കുറ്റം ചെയ്തയാളാണ് ദിലീപ് എന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടിഎ ഷാജി പറഞ്ഞു.
ബ്ലാക് മെയില്‍ ചെയ്യാനാണ് ഇയാള്‍ സഹ പ്രവര്‍ത്തകയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്. ദൃശ്യങ്ങള്‍ പകര്‍ത്തുകയെന്നതു നടപ്പാക്കുകയും ചെയ്തു. ദിലീപ് എത്ര ദുഷ്ട ബുദ്ധിയാണെന്ന് ഇതില്‍നിന്നു വ്യക്തമാണ്.
ബുദ്ധിപരമായി കുറ്റകൃത്യം ആസൂത്രണം ചെയ്യുകയും നിയമത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ടു നടക്കുകയും ചെയ്യുന്നയാളാണ് ദിലീപ് എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ പ്രതിഭാഗം അഭിഭാഷകര്‍ ഇടപെടാന്‍ ശ്രമിച്ചു. പ്രതിഭാഗത്തിന്റെ വാദം കഴിഞ്ഞ ദിവസം മൗനമായി കേട്ടിരുന്നയാളാണ് താനെന്നും ഇടപെടല്‍ അനുവദിക്കാനാവില്ലെന്നും ഡിജിപി നിലപാടെടുത്തു.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന് സംവിധായകന്‍ ബാലചന്ദ്ര കുമാറുമായി മുന്‍ പരിചയമില്ല. ചാനല്‍ അഭിമുഖം വന്നപ്പോഴാണ് ഡിവൈഎസ്പി ബാലചന്ദ്ര കുമാറിനെ ആദ്യമായി കാണുന്നതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഗൂഢാലോചനയ്ക്കു സാക്ഷിയുണ്ട് എന്ന പ്രത്യേകത ഈ കേസിനുണ്ട്.
ബാലചന്ദ്ര കുമാറിന്റെ മൊഴി ശക്തമായ തെളിവാണ്. പറഞ്ഞതു സാധൂകരിക്കുന്ന ഓഡിയോ ബാലചന്ദ്ര കുമാര്‍ കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. എന്നാല്‍ ഡിജിപി പൊലീസിന്റെ കോളാമ്പിയാകരുതെന്നും പ്രോസിക്യൂഷന്‍ പുതുതായി ഉന്നയിച്ച വാദങ്ങള്‍ക്ക് മറുപടി പറയാന്‍ തങ്ങള്‍ക്ക് കൂടുതല്‍ സമയം വേണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ബി.രാമന്‍പിള്ള കോടതിയില്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് പ്രതിഭാഗത്തിന് മറുപടി എഴുതി നല്‍കാന്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിവരെ ജഡ്ജി ഗോപിനാഥ് സമയം നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.