തിരുവനന്തപുരം: കെ റെയില്‍ പ്രതിഷേധം സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്‌തേക്കും. പ്രതിഷേധം ശക്തമാകുന്നതും പ്രതിപക്ഷം കെ റെയില്‍ വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുന്നതും സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ വ്യാപക പ്രചാരണം നടത്താന്‍ നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു.
പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഇതിനോടകം വ്യക്തമാക്കിയിരുന്നു. കല്ലിടുന്ന മുറയ്ക്ക് അത് പിഴുതെറിഞ്ഞ് കൊണ്ട് സമരം ശക്തമാക്കാനാണ് മറുവശത്ത് കോണ്‍ഗ്രസ് തീരുമാനം. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് കോഴിക്കോട് ഇന്നും സില്‍വര്‍ ലൈന്‍ സര്‍വേ കല്ലിടല്‍ ഉണ്ടാകില്ല. കല്ലായി പ്രദേശത്തെ നടപടികളാണ് പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.
വിവര ശേഖരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത് എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കെ റയലിന് എതിരെ കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി 11 അംഗ കരുതല്‍ പടയും കണ്‍ട്രോള്‍ റൂമും ഡിസിസി രൂപീകരിച്ചു. ബിജെപിയുടെ പ്രതിഷേധ പദയാത്ര ജില്ലയില്‍ തുടരുകയാണ്.
കോട്ടയം ജില്ലയില്‍ കെ റെയില്‍ കല്ലിടല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇന്ന് വാകത്താനം മേഖലയില്‍ കല്ലിടാനാണ് ഉദ്യോഗസ്ഥരുടെ നീക്കമെന്നാണ് സൂചന. ശക്തമായ സമരവുമായി രംഗത്തുണ്ടാകുമെന്നാണ് സമര സമിതി അറിയിച്ചിട്ടുള്ളത്.
ഇന്നലെ ചേര്‍ന്ന യുഡിഎഫ് നേതൃയോഗവും സമരം കൂടുതല്‍ പ്രവര്‍ത്തകരെ അണിനിരത്തി ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കല്ലിടല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങാനുള്ള സാധ്യതയും കൂടുകയാണ്. നട്ടാശേരി കുഴിയാലപ്പടിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാരുടെ പ്രതിരോധത്തില്‍ പിന്‍വാങ്ങേണ്ടി വന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.