നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം: ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം: ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്.

വ്യക്തമായ തെളുവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം ഉണ്ടോയെന്ന് കണ്ടെത്തുകയാണ് ചോദ്യം ചെയ്യലിന്റെ പ്രധാന ലക്ഷ്യം.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഗൂഢാലോചന കേസില്‍ ദിലീപിന് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. കേസിന്റെ വിചാരണ നടക്കുന്നതിനിടെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്. അന്വേഷണം ഏപ്രില്‍ 15നകം തീര്‍ക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ട്.

ആദ്യം വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. എന്നാല്‍ ദിലീപ് അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. ദിലീപിന്റെ ഫോണില്‍ നിന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ നീക്കം ചെയ്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. വാട്സ്ആപ്പ് ചാറ്റുകളും വിചാരണ കോടതി രേഖകളുമാണ് ലഭിച്ചത്. ഇവയുടെ അടിസ്ഥാനത്തിലാകും ദിലീപിനെ ഇന്ന് ചോദ്യം ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.