അനുദിന വിശുദ്ധര്‍ - മെയ് 10
ഫ്‌ളോറന്‍സിലെ ഒരു കുലീന കുടുംബാംഗമായ നിക്കളോസ് പിറോസിയുടെ മൂത്ത മകനാണ് 1389 ല്‍ ജനിച്ച അന്റോണിനൂസ്. ചെറുപ്പത്തില്‍ തന്നെ ഡൊമിനിക്കന്‍ സഭയില്‍ ചേരുവാന്‍ അന്റോണിനൂസ് അതിയായി ആഗ്രഹിച്ചിരുന്നു. അങ്ങനെ പതിനാറാം വയസില്‍ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു.
വാഴ്ത്തപ്പെട്ട ജോണ്‍ നിര്‍മ്മിച്ച ഫിയെസോള്‍ ആശ്രമത്തിലെ നവ സന്യാസാര്‍ത്ഥിമാരില്‍ ഒരാളായിരുന്നു അന്റോണിനൂസ്. തന്റെ പൗരോഹിത്യപട്ട സ്വീകരണത്തിനു ശേഷം അദ്ദേഹം റോം, ഗയേഷ്യ, സിയന്ന, ഫിയെസോളെ തുടങ്ങിയ സ്ഥലങ്ങളിലേയും അവസാനമായി ഫ്‌ളോറെന്‍സിലേയും ആശ്രമങ്ങളിലെ പ്രിയോര്‍ ആയി സേവനം ചെയ്തു.
ഫ്‌ളോറെന്‍സിലെ പ്രസിദ്ധമായ കോണ്‍വെന്റോ ഡി സാന്‍ മാര്‍ക്കോ ആശ്രമം വിശുദ്ധന്‍ സ്ഥാപിച്ചതാണ്. സഹപാഠിയായ ഫ്രാ ആഞ്ചെലിക്കോയുടെ അമൂല്യമായ ചില കലാരചനകള്‍ ഈ ആശ്രമത്തില്‍ ഉണ്ട്.
1438 ല്‍ ഫ്‌ളോറെന്‍സിലെ കൂടിയാലോചനാ സമിതിയില്‍ പങ്കെടുക്കുവാനായി യൂജിന്‍ നാലാമന്‍ പാപ്പാ അന്റോണിനൂസിനെ വിളിച്ചു. ഈ സമയത്താണ് സാന്‍ മാര്‍ക്കോ ആശ്രമത്തിലെ പ്രസിദ്ധമായ ഗ്രന്ഥാലയം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. 1446 ല്‍ അദ്ദേഹം ഫ്‌ളോറെന്‍സിലെ മെത്രാപ്പോലീത്തയായി നിയമിതനായി.
പിന്നീട് അദ്ദേഹം നിരവധി ദേവാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും തന്റെ രൂപതയിലെ ഇടവകകള്‍ സന്ദര്‍ശിക്കുകയും ആഹോരാത്രം സുവിശേഷ പ്രഘോഷണങ്ങള്‍ നടത്തുക്കുയും ചെയ്തു. കൂടാതെ രാഷ്ട്രീയ കക്ഷികള്‍ക്കും സഭക്കുമിയിടയില്‍ ഉണ്ടായ ഭിന്നിപ്പ് അദ്ദേഹം പരിഹരിച്ചു.
യൂജിന്‍ നാലാമന്‍ പാപ്പാ മരണശയ്യയിലായിരിക്കുമ്പോള്‍ വിശുദ്ധന്‍ റോമില്‍ ഉണ്ടായിരുന്നു. പിന്നീട് വന്ന പാപ്പാമാര്‍ ഭരണ സമിതിയുടെ നവീകരണഘട്ടങ്ങളില്‍ അന്റോണിനൂസിന്റെ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. വിശുദ്ധ അന്റോണിനൂസ് ഒരു വലിയ ദൈവ ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു. ധാര്‍മിക ദൈവശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലുമുള്ള അദ്ദേഹത്തിന്റെ രചനകള്‍ മാറികൊണ്ടിരിക്കുന്ന ആ കാലഘട്ടത്തിലെ അമൂല്യ കൃതികളായി പരിഗണിക്കപ്പെടുന്നു.
വിശുദ്ധന്റെ മരണത്തിനു തൊട്ട് മുന്‍പ് ഫ്‌ളോറെന്‍സ് നഗരം മാരകമായ പ്ലേഗ് ബാധയുടെ പിടിയിലായി. നിരവധി ഡൊമിനിക്കന്‍ പ്രിയോര്‍മാര്‍ മരണപ്പെട്ടു. ക്ഷാമം കാരണം ജനങ്ങള്‍ പട്ടിണിയിലായി. ആ സമയത്ത് വിശുദ്ധന്‍ തനിക്കുള്ളതെല്ലാം വിറ്റ് വിശക്കുന്നവരെയും അഗതികളെയും സഹായിച്ചു.
പിന്നീട് വലിയ ഭൂകമ്പം ഫ്‌ളോറെന്‍സ് നഗരത്തെ താറുമാറാക്കിയപ്പോള്‍ അദ്ദേഹം നഗര പുനര്‍നിര്‍മ്മാണത്തില്‍ സഹായിക്കുകയും നിരവധി ഭവനരഹിതര്‍ക്ക് തന്റെ ഭവനത്തില്‍ അഭയം നല്‍കുകയും ചെയ്തു. 1459 മെയ് രണ്ടിനാണ് വിശുദ്ധ അന്റോണിനൂസ് മരണമടഞ്ഞത്. പിയൂസ് രണ്ടാമന്‍ പാപ്പാ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ബാങ്കോര്‍ ആശ്രമത്തിലെ കോംഗാള്‍
2. ലിമോജെസ് ബിഷപ്പായ അവുറേലിയന്‍
3. മിലാനിലെ നസാരിയൂസും സെല്‍സൂസും
4. അയര്‍ലന്‍ഡിലെ ടറാന്റോ ബിഷപ്പായ കാറ്റല്‍ഡൂസ്
5. സിസിലിയിലെ അല്‍ഫേയൂസ്, ഫിലഡെല്‍ഫൂസ്, സിറിനൂസ്
6. റോമന്‍കാരായ കലെപ്പോഡിയൂസ്, പല്‍മേഷിയൂസ്, സിംപ്ലിയൂസ്, ഫെലിക്‌സ്, ബ്ലാന്റായും കൂട്ടരും.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26