നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു

 നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഗുരുതരമായ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് വിദ്യാ സാഗറിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഏതാനും വര്‍ഷങ്ങളായി ശ്വാസകോശ രോഗബാധിതനായിരുന്നുവെന്നും പ്രാവിന്റെ കാഷ്ഠത്തിലുള്ള അണുക്കള്‍ കലര്‍ന്ന വായു ശ്വസിച്ചപ്പോള്‍ ഉണ്ടായ അലര്‍ജിയാണിതെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരമെന്ന് റിപ്പോര്‍ട്ടുകളിലുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും കോവിഡ് പോസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് വിദ്യാസാഗറിന് അണുബാധ കൂടുതല്‍ രൂക്ഷമാകുകയായിരുന്നു.

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് വിദ്യാസാഗറിന്റെ ശ്വാസകോശം മാറ്റിവെയ്ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളില്‍ നിന്ന് മാത്രമേ ഇത് സാധ്യമാകൂ എന്നതിനാല്‍ ദാതാവിനെ ലഭിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഡോക്ടര്‍മാര്‍ മരുന്ന് നല്‍കി ഭേദമാക്കാന്‍ ശ്രമിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ഇന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.

തെന്നിന്ത്യന്‍ സിനിമാലോകത്തെ നിരവധി പ്രമുഖരാണ് സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും മീനയ്ക്കും മകള്‍ക്കും ആശ്വാസം പകരുകയും ചെയ്യുന്നത്.

ഭര്‍ത്താവിനൊപ്പം ബെംഗളൂരുവിലാണ് മീന താമസിക്കുന്നത്. കമ്പ്യൂട്ടര്‍ എഞ്ചിനീയറായ വിദ്യാ സാഗര്‍ ബെംഗളൂരുവിലായിരുന്നു ജോലി നോക്കിയിരുന്നത്. 2009 ജൂണിലായിരുന്നു മീനയുടെ വിവാഹം. നൈനിക ഏകമകളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.