48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദം: മലയോര മേഖലയില്‍ മഴ ശക്തമാകും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദം: മലയോര മേഖലയില്‍ മഴ ശക്തമാകും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മലയോര മേഖലയില്‍ മഴ ശക്തമാകും. വടക്കന്‍ കേരളത്തില്‍ മഴ തുടരും.
ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത നിലനില്‍ക്കുന്നതിനാല്‍ മലയോര മേഖലയില്‍ ജാഗ്രത തുടരണം.

അതേസമയം മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നിലവില്‍ തുറന്നിരിക്കുന്ന 10 ഷട്ടറുകളില്‍ മൂന്നെണ്ണം കൂടുതല്‍ ഉയര്‍ത്തി. മൂന്നു ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതമാണ് അധികമായി ഉയര്‍ത്തിയത്. ആകെ 2754 ക്യുമെക്‌സ് ജലം പുറത്തു വിടുന്നുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. അണക്കെട്ടിലെ നീരൊഴുക്ക് ശക്തമാണ്. സെക്കന്‍ഡില്‍ 4131 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇടുക്കി ഡാമും രാവിലെ 10നു തുറന്നിരുന്നു.

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഞായര്‍ മുതല്‍ ബുധന്‍ വരെയും, കര്‍ണാടക തീരങ്ങളില്‍ ഞായര്‍ മുതല്‍ വ്യാഴം വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഞായര്‍ മുതല്‍ ബുധന്‍ വരെയും കര്‍ണാടക തീരങ്ങളില്‍ ഞായര്‍ മുതല്‍ വ്യാഴം വരെയും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ജലനിരപ്പ് 773. 50 മീറ്ററില്‍ എത്തിയതോടെ വയനാട് ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 774 മീറ്ററാണ് ഡാമിന്റെ അപ്പര്‍ റൂള്‍ ലെവല്‍. ജാഗ്രതാ നടപടിയുടെ ഭാഗമായി ഇന്നലെ വൈകിട്ട് മുതല്‍ ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങിയിരുന്നു.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ ചുവടെ:

ഞായര്‍: കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
തിങ്കള്‍: കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ചൊവ്വ: കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ബുധന്‍: തൃശൂര്‍, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
വ്യാഴം: മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.