തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട് മുതല്‍ മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ കിഴക്കന്‍ മലയോര മേഖലയിലാകും കൂടുതല്‍ മഴ ലഭിക്കുക.
ഒഡിഷയ്ക്ക് മുകളില്‍ നിലനില്‍ക്കുന്ന തീവ്ര ന്യൂനമര്‍ദവും ഗുജറാത്ത് മുതല്‍ കേരള തീരം വരെയുള്ള ന്യൂനമര്‍ദപ്പാത്തിയുമാണ് മഴ തുടരാന്‍ കാരണം. കടലില്‍ പോകുന്നതിന് മല്‍സ്യതൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.
അതേസമയം സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചിലയിടങ്ങളില്‍ താലൂക്ക് അടിസ്ഥാനത്തില്‍ പ്രഫഷണല്‍ സ്ഥാപനങ്ങളടക്കം അവധി നല്‍കിയിട്ടുണ്ട്.
ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കൂട്ടനാട് താലൂക്കില്‍ സമ്പൂര്‍ണ അവധിയാണ്.
കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്നാണ് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് അവധി ബാധകമാകില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.