ഒക്ടോബര്‍ രണ്ട് ഞായറാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹം: കെസിബിസി

ഒക്ടോബര്‍ രണ്ട് ഞായറാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹം: കെസിബിസി

കൊച്ചി: ഒക്ടോബര്‍ രണ്ട് ഞായറാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമെന്ന് കെസിബിസി. വിവിധ കാരണങ്ങളുടെ പേരില്‍ ഞായറാഴ്ചകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രവൃത്തി ദിനമാക്കി നിശ്ചയിക്കുന്ന സംഭവങ്ങള്‍ പതിവായിരിക്കുകയാണെന്നും കെസിബിസി കുറ്റപ്പെടുത്തി.

കഴിഞ്ഞ ജൂണ്‍ മുപ്പത് ഞായറാഴ്ച കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവൃത്തി ദിനമായി നിശ്ചയിക്കപ്പെട്ടിരുന്നു. എല്ലാ വര്‍ഷവും ഓണത്തോട് അനുബന്ധിച്ച് രണ്ടാം ശനിയാഴ്ച നടത്തിയിരുന്ന വള്ളം കളി മത്സരം ഇത്തവണ ഞായറാഴ്ചയാണ് നടത്തിയത്. മാത്രമല്ല വിവിധ മത്സര പരീക്ഷകള്‍ക്കും മറ്റ് പരിപാടികള്‍ക്കും ഞായറാഴ്ച്ച ദിവസങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന രീതിയും വര്‍ധിച്ചു വരികയാണെന്ന് കെസിബിസി കുറ്റപ്പെടുത്തി.

ഇത്തവണ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് നിശ്ചയിച്ചിരിക്കുന്ന വിവിധ പരിപാടികള്‍ രണ്ടാം തിയതി ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രവൃത്തി ദിനമാക്കിക്കൊണ്ട് നടത്താനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

ക്രൈസ്തവര്‍ വളരെ പ്രാധാന്യം കല്‍പ്പിക്കുകയും പ്രത്യേകമായി ആചരിക്കുകയും ചെയ്യുന്ന ദിവസമാണ് ഞായറാഴ്ച്ച. അന്നേ ദിവസം ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയിരുന്ന മുന്‍കാലങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഞായറാഴ്ചകളില്‍ നിര്‍ബ്ബന്ധിത പരിപാടികള്‍ നടപ്പാക്കുന്ന ശൈലിയാണ് വര്‍ധിച്ചു വരുന്നത്. ഇത്തരമൊരു പ്രവണതയോട് കേരള കത്തോലിക്കാ മെത്രാന്‍സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കെസിബിസി അറിയിച്ചു.

ഒക്ടോബര്‍ രണ്ടിന് സംസ്ഥാന വ്യാപകമായി നിശ്ചയിച്ചിരിക്കുന്ന പരിപാടികള്‍ ഒക്ടോബര്‍ ഒന്നോ, മൂന്നോ തിയതികളിലായി പുനക്രമീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.