എറണാകുളം: സ്വര്‍ണക്കടത്തു കേസിലും മയക്കുമരുന്നു കേസിലും ഉള്‍പ്പെട്ട് സമനില തെറ്റിയ പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമായാണ് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത് എന്നും ഇതിന് വരുന്ന തിരഞ്ഞെടുപ്പിൽ നിയമപരമായും രാഷ്ട്രീയമായും വന്‍തിരിച്ചടി ഉണ്ടാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ കാലത്താണ് വെറും 30 ശതമാനം പണികള്‍ പൂര്‍ത്തിയാക്കിയ പാലാരിവട്ടം പാലത്തിന്റെ ഉദ്ഘാടനം കൊട്ടിഘോഷിച്ച് നടത്തിയത്. പാലം പണി സമയ ബന്ധിതായി പൂര്‍ത്തിയാക്കുവാൻ റോഡ് ഫണ്ട് ബോര്‍ഡിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി നടപടിക്രമങ്ങള്‍ പാലിച്ച് അംഗീകരിച്ച ഫയലില്‍ ഒപ്പിടുക മാത്രമാണ് മന്ത്രി ചെയ്തത്. 8.25 കോടി രൂപ 7 ശതമാനം പലിശയോടെ അനുവദിക്കുകയും അവ കൃത്യമായി തിരിച്ചടിക്കുകയും ചെയ്തിട്ടുണ്ട്.
പാലത്തിന്റെ നിര്‍മാണത്തില്‍ പോരായ്മ ഉണ്ടായാല്‍ അത് ആര്‍ബിഡിസികെ കമ്പനിയുടെ ചെലവില്‍ പരിഹരിക്കണമെന്നുള്ള വ്യവസ്ഥയുണ്ട്; അതിന് അവര്‍ തയാറായിരുന്നു. പാലം പരിശോധിച്ച ചെന്നൈ ഐഐടി 7 കോടി രൂപയുടെ അറ്റകുറ്റപ്പണി നിര്‍ദേശിച്ചുവെങ്കിലും ടെൻഡർ വിളിക്കാതെ 20 കോടി രൂപയ്ക്കാണ് ഈ പണി നല്കിയത്. ഹൈക്കോടതി രണ്ടു തവണ റോഡ് ടെസ്റ്റ് നടത്തണമെന്ന് ഉത്തരവിട്ടിട്ടും നടത്തിയില്ല. കമ്പനി ഗുരുതരമായ വീഴ്ചകള്‍ വരുത്തിയെങ്കില്‍ ആ കമ്പനിയെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തുന്നതിനു പകരം അവര്‍ക്ക് തിരുവനന്തപുരത്തു മാത്രം 1000 കോടി രൂപയുടെ പ്രവൃത്തികളും മലബാറില്‍ കെഎസ്ടിപിയുടെ രണ്ടു പ്രധാനപ്പെട്ട റോഡ് പണി ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ലഭിച്ചു.
2017 -ൽ വേങ്ങര ഉപതെരഞ്ഞടുപ്പ് നടക്കുമ്പോഴാണ് സോളാര്‍ കേസില്‍ അന്വേഷണം പ്രഖ്യാപിച്ചത്, എന്നാൽ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്താണ് നേതാക്കള്‍ക്കെതിരേ കേസെടുക്കുന്നത്. അതുപോലെ, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച 1500 കെട്ടിടങ്ങളും 2000 കോടി രൂപ മുടക്കി നിര്‍മിച്ച 245 പാലങ്ങളും ഒരു കുഴപ്പവുമില്ലാതെ തലയെടുപ്പോടെ നില്‍ക്കുമ്പോഴാണ് ഒരു പാലത്തിന്റെ പേരില്‍ മന്ത്രിയെ രാഷ്ട്രീയമായി ക്രൂശിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.