ഇന്ന് മുതല്‍ രാഷ്ട്രപതി ഭവന്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം; ആഴ്ചയില്‍ അഞ്ച് ദിവസം തുറന്ന് കൊടുക്കും

ഇന്ന് മുതല്‍ രാഷ്ട്രപതി ഭവന്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം; ആഴ്ചയില്‍ അഞ്ച് ദിവസം തുറന്ന് കൊടുക്കും

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്‍ ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. ഡിസംബര്‍ ഒന്ന് മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.

കോവിഡ് വ്യാപനം മൂലം പൊതുജനങ്ങള്‍ക്ക് രാഷ്ട്രപതി ഭവനിലേക്കുള്ള സന്ദര്‍ശനം രണ്ട് ദിവസമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുന്നതിനും പ്രവൃത്തി ദിവസങ്ങളിലും അതിലേക്ക് പ്രവേശനം അനുവദിക്കുന്നതിനുമാണ് ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതെന്ന് രാഷ്ട്രപതി ഭവന്‍ വക്താവ് വ്യക്തമാക്കി.

ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ് രാഷ്ട്രപതി ഭവന്‍. വാസ്തു ശില്പികളായ സര്‍ എഡ്വിന്‍ ലൂട്ടിയന്‍സ്, ഹെര്‍ബര്‍ട്ട് ബേക്കര്‍ എന്നിവരുടെ സൃഷ്ടിയാണിത്. 330 ഏക്കര്‍ എസ്റ്റേറ്റില്‍ അഞ്ച് ഏക്കര്‍ വിസ്തൃതിയില്‍ എച്ച് ആകൃതിയിലുള്ള കെട്ടിടമാണിത്. രാഷ്ട്രപതി ഭവനില്‍ നാല് നിലകളിലായി 340 മുറികള്‍, 2.5 കിലോമീറ്റര്‍ വലുപ്പമുള്ള ഇടനാഴികള്‍, 190 ഏക്കര്‍ ഗാര്‍ഡന്‍ ഏരിയ എന്നിവയുമുണ്ട്.

രാഷ്ട്രപതി ഭവന്റെ പ്രധാന കെട്ടിടത്തിന്റെ (സര്‍ക്യൂട്ട് 1) ഭാഗങ്ങള്‍ ബുധന്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഗസറ്റഡ് അവധി ദിവസങ്ങളില്‍ ഒഴികെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനാവും.

രാഷ്ട്രപതി ഭവന്‍ സര്‍ക്യൂട്ട് 1 ല്‍ പ്രധാന കെട്ടിടം, ഫോര്‍കോര്‍ട്ട്, റിസപ്ഷന്‍, നവാചര, ബാങ്ക്വറ്റ് ഹാള്‍, അപ്പര്‍ ലോഗിയ, ലുട്ടിയന്‍സ് ഗ്രാന്‍ഡ് സ്റ്റെയര്‍, ഗസ്റ്റ് വിങ്, അശോക് ഹാള്‍, നോര്‍ത്ത് ഡ്രോയിങ് റൂം, ലോങ് ഡ്രോയിങ് റൂം, ലൈബ്രറി, ദര്‍ബാര്‍ ഹാള്‍, ബുദ്ധ പ്രതിമ എന്നിവ ഉള്‍പ്പെടുന്നു.

അനുവദിച്ചിരിക്കുന്ന ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെയും ഒരു മണിക്കൂര്‍ വീതമുള്ള അഞ്ച് സമയ സ്ലോട്ടുകളിലായി രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കാം. ഓരോ സ്ലോട്ടിലും പരമാവധി 30 സന്ദര്‍ശകര്‍ വരെ ഉണ്ടാകും.

ഓരോ സര്‍ക്യൂട്ടിലും ഒരു സന്ദര്‍ശകന് 50 രൂപയാണ് രജിസ്‌ട്രേഷന്‍ ചാര്‍ജ്. 30 പേര്‍ അടങ്ങുന്ന ഒരു സന്ദര്‍ശക സംഘത്തിന് ഓരോ സന്ദര്‍ശനത്തിനും 1200 രൂപയാണ് ഈടാക്കുക. എട്ട് വയസിന് താഴെയുള്ള കുട്ടികളെ രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനത്തിനുള്ള രജിസ്‌ട്രേഷന്‍ നിരക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മുപ്പതിലധികം പേരുള്ള ഒരു ഗ്രൂപ്പിലെ സന്ദര്‍ശകര്‍ക്ക് 1200 രൂപയും അധിക സന്ദര്‍ശകനില്‍ നിന്ന് 50 രൂപയും ഈടാക്കും. രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ റീഫണ്ടോ കൈമാറ്റം ചെയ്യാനോ സാധിക്കില്ല.

രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ ഓണ്‍ലൈനായോ റിസപ്ഷനില്‍ സന്ദര്‍ശിക്കുന്ന സമയത്തോ അടയ്ക്കാം. നിങ്ങളുടെ രാഷ്ട്രപതി ഭവന്‍ സന്ദര്‍ശന ടിക്കറ്റുകള്‍ ഇവിടെ ബുക്ക് ചെയ്യാം: : https://rashtrapatisachivalaya.gov.in/rbtour/.

ഗസറ്റഡ് അവധി ദിവസങ്ങളില്‍ ഒഴികെ ചൊവ്വാഴ്ച മുതല്‍ ഞായര്‍ വരെ ആഴ്ചയില്‍ ആറ് ദിവസവും രാഷ്ട്രപതി ഭവന്‍ മ്യൂസിയം കോംപ്ലക്‌സ് സന്ദര്‍ശിക്കാം. മ്യൂസിയം സമുച്ചയത്തില്‍ സ്റ്റേബിളുകളും പുരാവസ്തുക്കളും ആണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

എല്ലാ ശനിയാഴ്ചകളിലും രാവിലെ എട്ട് മുതല്‍ ഒന്‍പത് വരെ രാഷ്ട്രപതിഭവന്‍ ഫോര്‍കോര്‍ട്ടിലെ ഗാര്‍ഡ് മാറ്റ ചടങ്ങിന് നിങ്ങള്‍ക്ക് സാക്ഷിയാം. പ്രസിഡന്റിന്റെ അംഗരക്ഷകരുടെ പുതിയ സംഘത്തെ ചുമതലയേല്‍പ്പിക്കാന്‍ എല്ലാ ആഴ്ചയും നടക്കുന്ന ഒരു സൈനിക പാരമ്പര്യമാണ് ഗാര്‍ഡ് മാറ്റ ചടങ്ങ്.

രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങള്‍ക്കും സഹായങ്ങള്‍ക്കും, നിങ്ങള്‍ക്ക് മാനേജ്മെന്റ് സെല്ലുമായി ബന്ധപ്പെടാം: ഫോണ്‍ നമ്പര്‍: 011- 23013287, 23015321. ഇ-മെയില്‍:: [email protected].


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.