മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141 അടിയിലേക്ക്; ജാഗ്രതാ നിര്‍ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141 അടിയിലേക്ക്; ജാഗ്രതാ നിര്‍ദേശം

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141 അടിയിലേക്ക്. തിങ്കളാഴ്ച്ച രാവിലെ 11ന് അണക്കെട്ടിലെ ജലനിരപ്പ് 140.45 അടിയിലെത്തി. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതിനു പിന്നാലെ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തതും ജലനിരപ്പ് ഉയരാന്‍ കാരണമായിട്ടുണ്ട്.

നിലവില്‍ സെക്കന്റില്‍ 511 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. മഴക്കാലം കഴിഞ്ഞതിനാല്‍ പരമാവധി സംഭരണ ശേഷിയായ 142 അടി വെള്ളം മുല്ലപ്പെരിയാറില്‍ സംഭരിക്കാം.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. സ്പില്‍വേ വഴി ജലം ഇടുക്കിയിലേക്ക് തുറന്നു വിടേണ്ട സാഹചര്യമുണ്ടായാല്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്നലെ പെരിയാറില്‍ 0.4 മില്ലി മീറ്ററും തേക്കടിയില്‍ 2.4 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. 7153 ദശലക്ഷം ഘനയടി ജലം മുല്ലപ്പെരിയാര്‍ ജല സംഭരണിയിലുണ്ടെന്നാണു തമിഴ്‌നാടിന്റെ കണക്ക്. വൈഗ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ അധികം ജലം കൊണ്ടുപോകാന്‍ തമിഴ്‌നാടിനു കഴിയുന്നില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ തോത് 1261 ഘനയടിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.